Photo: twitter.com
'കൊളംബോ വിമാനത്താവളത്തിലെത്തിയ പാകിസ്താന്‍ ഫാസ്റ്റ് ബൗളര്‍ ഷാനവാസ് ധഹാനി അദ്ഭുതപ്പെട്ടുപോയി തന്നെ സ്വീകരിക്കാന്‍ പാക് ടീം മുഴുവന്‍ കാത്തുനില്‍ക്കുന്നു....കണ്ണുനിറഞ്ഞുനിന്ന ധഹാനിയോട് ക്യാപ്റ്റന്‍ ബാബര്‍ ആസം പറഞ്ഞു, ഡാ മണ്ടാ നിന്നെ സ്വീകരിക്കാനല്ല, ഞങ്ങള്‍ തിരിച്ചുപോകാന്‍ എത്തിയതാ...അറിഞ്ഞില്ലേ നമ്മള്‍ തോറ്റു, ഏഷ്യാകപ്പ് ഗുദാ ഗവ....'
ഷാനവാസ് ധഹാനിയുടെ ശ്രീലങ്കന്‍ യാത്രയെക്കുറിച്ചുവന്ന ട്രോളുകളിലൊന്നാണിത്. ക്രിക്കറ്റിലെ ഏറ്റവുംചെറിയ യാത്ര ഏതെന്ന് ഭാവിയില്‍ ചോദ്യമുയര്‍ന്നാല്‍ ഉത്തരം നല്‍കാവുന്നതാണ് ഷാനവാസ് ധഹാനിയുടെ കറാച്ചി-ദുബായ്-കൊളംബോ യാത്ര.
പാക് പേസ് ബൗളര്‍ ഹാരിസ് റൗഫിന് പരിക്കേറ്റതിനെത്തുടര്‍ന്നാണ് ധഹാനിയെ പാക് ടീം വിളിച്ചുവരുത്തിയത്. ഫൈനല്‍ കളിക്കുമെന്ന് ഉറപ്പിച്ചായിരുന്നു ഇത്. ശ്രീലങ്കയില്‍ പാക് ടീമിനൊപ്പം ചേരാന്‍ കറാച്ചിയില്‍നിന്നുള്ള യാത്രയുടെ ചിത്രം ധഹാനിതന്നെ ട്വീറ്റുചെയ്തു. 'അടുത്ത സ്റ്റോപ്പ് ദുബായ്, പിന്നെ കൊളംബോ...' ധഹാനിയുടെ വിമാനം കൊളംബോയില്‍ ഇറങ്ങിയപ്പോഴേക്കും പാക് ടീം ശ്രീലങ്കയോട് തോറ്റ് ഏഷ്യാകപ്പില്‍നിന്ന് പുറത്തായിരുന്നു. പിന്നെ താരത്തെ 'ഏറ്റെടുത്തത്' സോഷ്യല്‍ മീഡിയയാണ്. ട്രോളി ഒരു വഴിക്കാക്കി.
'ക്രിക്കറ്റ് കിറ്റുള്‍പ്പെടെ ധഹാനിയുടെ മൂന്നുബാഗും തുറക്കേണ്ട കാര്യമില്ല... തിരികെ വിമാനത്തിലേക്ക് അതേപോലെ കയറ്റാം..', 'യൂ ടേണ്‍ അടിച്ചോ ഇനി അഹമ്മദാബാദിലേക്ക് പോകാം...' അങ്ങനെ പോകുന്നു ട്രോളുകള്‍.
പാക് മുന്‍ ക്രിക്കറ്റര്‍ റാഷിദ് ലത്തീഫ് ഇത് മുന്‍കൂട്ടിക്കണ്ട് ട്വീറ്റ് ചെയ്തിരുന്നു; 'ഷാനവാസ് ധഹാനിയുടെ ട്രാവലിങ്പ്ലാന്‍-ഇസ്ലാമാബാദ്-കറാച്ചി, കറാച്ചി-ലഹോര്‍ അന്നുരാത്രി എന്‍.സി.എ.യില്‍ താമസം. പ്ലാനില്‍ പിന്നെയും മാറ്റം...ലഹോര്‍-കറാച്ചി, കറാച്ചി-ദുബായ് ഇന്ന് രാത്രി, ദുബായ്-കൊളംബോ നാളെ...അപ്പോ ഒരു സംശയം പാക് ടീം യോഗ്യത നേടിയില്ലെങ്കില്‍ തിരിച്ചു പറക്കണ്ടേ....'
സോഷ്യല്‍മീഡിയ ട്രോളുകള്‍ ആസ്വദിച്ച ധഹാനി, റാഷിദ് ലത്തീഫിന്റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് ഇങ്ങനെ എഴുതി: 'ഇതാണ് ജീവിതം....'
Content Highlights: Arrival And Departure On The Same Day Netizens Troll Shahnawaz Dahani
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..