മുംബൈ: ഒരോവറില്‍ അഞ്ച് സിക്‌സറുകള്‍ പായിച്ച് വിമര്‍ശകരുടെ വായടപ്പിച്ച് അര്‍ജുന്‍ തെണ്ടുല്‍ക്കര്‍. മുംബൈയില്‍ വെച്ചുനടന്ന ഷീല്‍ഡ് ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ് അര്‍ജുന്‍ ബാറ്റിങ് മികവ് കൊണ്ട് കത്തിക്കയറിയത്. 

എം.ഐ.ജി ക്രിക്കറ്റ് ക്ലബിനായി ബാറ്റ് ചെയ്ത അര്‍ജുന്‍ വെറും 31 പന്തുകളില്‍ നിന്നും 77 റണ്‍സ് അടിച്ചെടുത്തു. അഞ്ചുബൗണ്ടറികളും എട്ട് സിക്‌സുകളുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. അച്ഛന്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ തണലിലായതുകൊണ്ട് മാത്രമാണ് അര്‍ജുന് അവസരങ്ങള്‍ ലഭിക്കുന്നത് എന്ന തരത്തിലുള്ള നിരവധി വിമര്‍ശനങ്ങള്‍ ഇക്കാലയളവില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രകടനമാണ് അര്‍ജുന്‍ പുറത്തെടുത്തത്. മത്സരത്തില്‍ മൂന്നുവിക്കറ്റുകളും താരം വീഴ്ത്തി.

ഇസ്ലാം ജിംഖാന ടീമിനെതിരെയാണ് താരത്തിന്റെ പ്രകടനം. അര്‍ജുന്റെ ബാറ്റിങ് മികവല്‍ ജിംഖാനയെ 194 റണ്‍സിന് എം.ഐ.ജി കീഴടക്കി. ഐ.പി.എല്‍ ലേലത്തിന് മുന്നോടിയായുള്ള താരങ്ങളുടെ ചുരുക്കപ്പട്ടികയില്‍ ഓള്‍റൗണ്ടറായ അര്‍ജുന്‍ ഇടം നേടിയിരുന്നു. 

ടോസ് നേടി ബാറ്റിങ് ആരംഭിച്ച എം.ഐ.ജി ക്രിക്കറ്റ് ക്ലബ് 45 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 385 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിറങ്ങിയ ജിംഖാന 41.5 ഓവറില്‍ 191 റണ്‍സിന് പുറത്തായി. വിക്കറ്റ് വീഴ്ത്തിയും വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയും അര്‍ജുന്‍ മത്സരത്തിലെ താരമായി. 

Content Highlights: Arjun Tendulkar Silences Nepotism Critics, Eyes IPL Deal After Hitting 5 Sixes In An Over