നൗകാല്‍പന്‍ (മെക്‌സിക്കോ): ഫുട്‌ബോളില്‍ അര്‍ജന്റീനയും ബ്രസീലും തമ്മിലുള്ള വൈരത്തിന്റെ കഥയ്ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ലോകകപ്പാകുമ്പോള്‍ കേരളത്തിലെ ഗ്രാമങ്ങളില്‍ വരെ ആ വൈരത്തിന്റെ വീറും വാശിയും പടര്‍ന്നുകയറും. എന്നാല്‍ ക്രിക്കറ്റില്‍ അര്‍ജന്റീനയും ബ്രസീലും നേര്‍ക്കുനേര്‍ വന്നാല്‍ എങ്ങനെയുണ്ടാകും? അത്തരത്തില്‍ കൗതുകമുണര്‍ത്തുന്ന ഒരു മത്സരഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഐസിസി സംഘടിപ്പിക്കുന്ന വനിതാ ട്വന്റി-20 ലോകകപ്പ് അമേരിക്കന്‍ മേഖലാ യോഗ്യതാ റൗണ്ടിലാണ് അര്‍ജന്റീനയും ബ്രസീലും ഏറ്റുമുട്ടിയത്. മത്സരത്തില്‍ അര്‍ജന്റീനയുടെ പ്രകടനം അതിദയനീയമായിരുന്നു. ആദ്യം ബാറ്റുചെയ്ത അര്‍ജന്റീന 11.2 ഓവറില്‍ വെറും 12 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങില്‍ 3.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ബ്രസീല്‍ വിജയിച്ചു.

ടോസ് നേടിയ ബ്രസീല്‍ വനിതകള്‍ അര്‍ജന്റീനയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ക്യാപ്റ്റന്‍ വെറോണിക്ക വാസ്‌ക്വസ്, കറ്റാലിന ഗ്രിലോണി, ടമാര ബാസിലെ എന്നിവര്‍ രണ്ടു വീതം റണ്‍സ് നേടി ടോപ് സ്‌കോറര്‍മാരായി. മൂന്നു പേര്‍ ഒരു റണ്ണിനും നാല് പേര്‍ പൂജ്യത്തിനും പുറത്തായി. മൂന്നു റണ്‍സ് എക്‌സ്ട്രാസ് ആയി ലഭിച്ചു. 21 പന്ത് നേരിട്ട കറ്റാലിനയാണ് ക്രീസില്‍ കൂടുതല്‍ സമയം ചിലവഴിച്ചത്. ബ്രസീലിനായി ലാറ മൊയ്‌സസും റെനാറ്റ ഡി സൂസയും രണ്ടും വീതം വിക്കറ്റ് വിക്കറ്റ് വീഴ്ത്തി. 

മറുപടി ബാറ്റിങ്ങില്‍ ബ്രസീലിന് നാല് റണ്‍സുമായി ലോറ അഗതയും രണ്ട് റണ്‍സോടെ ലോറ കാര്‍ദോസോയും പുറത്താകാതെ നിന്ന് വിജയം സമ്മാനിച്ചു. മരിയാന ആര്‍തറുടേയും റോബര്‍ട്ട അവേറിയുടേയും വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. അക്കൗണ്ട് തുറക്കും മുമ്പ് ഇരുവരേയും ടമാര ബാസിലെ പുറത്താക്കി. ഏഴു റണ്‍സ് എക്‌സ്ട്രാസ് ആയി ലഭിച്ചു.

Content Highlights: Argentina vs Brazil Cricket ICC  Women T20 World Cup Qualifier