ലണ്ടന്‍: ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ ജോഫ്ര ആര്‍ച്ചര്‍ക്ക് രണ്ടാഴ്ച വിശ്രമം. വലത്തേ കൈയ്ക്ക് പരിക്കേറ്റ താരം ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു. ഇതേത്തുടര്‍ന്നാണ് താരത്തിന് രണ്ടാഴ്ചത്തെ വിശ്രമം അനുവദിച്ചത്. 

ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡാണ് ഇക്കാര്യം അറിയിച്ചത്. 'പേസ് ബൗളര്‍ ജോഫ്ര ആര്‍ച്ചറുടെ വലത്തേ കൈയ്യുടെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു. അദ്ദേഹത്തിന്റെ നടുവിരലില്‍ നിന്നും ഒരു കഷ്ണം ഗ്ലാസ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ഇപ്പോള്‍ അദ്ദേഹം വിശ്രമത്തിലാണ്. രണ്ടാഴ്ചയ്ക്ക് ശേഷം താരം ട്രെയിനിങ്ങിന് ഇറങ്ങിയേക്കും'- ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.

ഇന്ത്യയ്‌ക്കെതിരായ പരമ്പരയ്ക്ക് മുന്‍പാണ് താരത്തിന് പരിക്കേറ്റത്. വീട് വൃത്തിയാക്കുന്നതിനിടെയാണ് ആര്‍ച്ചറുടെ കൈയ്ക്ക് പരിക്കേറ്റത്. ഇന്ത്യയ്‌ക്കെതിരായ പരമ്പരയുള്ളതിനാല്‍ ഇംഗ്ലണ്ട് മെഡിക്കല്‍ ടീം താരത്തിന് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി. 

പരിക്കേറ്റതോടെ ആര്‍ച്ചര്‍ക്ക് ഐ.പി.എല്ലിന്റെ പകുതി സീസണ്‍ നഷ്ടമായേക്കും. രാജസ്ഥാന്‍ റോയല്‍സിന്റെ കുന്തമുനയാണ് താരം. 

Content Highlights: Archer undergoes successful surgery, to begin two weeks rehabilitation