-
കൊളംബോ: 2011 ഏകദിന ലോകകപ്പ് ഫൈനലിൽ ഒത്തുകളി നടന്നുവെന്ന ശ്രീലങ്കൻ മന്ത്രിയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് ശ്രീലങ്കയുടെ മുൻതാരം അരവിന്ദ ഡിസിൽവ. കിരീടനേട്ടത്തിൽ പങ്കാളിയായ സച്ചിൻ തെണ്ടുൽക്കറെ ഓർത്തെങ്കിലും അന്വേഷണം നടത്തണമെന്ന് ഡിസിൽവ ഐ.സി.സിയോടും ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് ബോർഡുകളോടും ആവശ്യപ്പെട്ടു. മത്സരം ഒത്തുകളിയാണെന്ന ആരോപണം തള്ളുന്നുവെന്നും എന്നിരുന്നാലും ഈ വിഷയത്തിൽ വ്യക്തത വരുത്താൻ അന്വേഷണം അത്യാവശ്യമാണെന്നും ഡിസിൽവ വ്യക്തമാക്കി. 2011 ലോകകപ്പിന്റെ സമയത്ത് ശ്രീലങ്കയുടെ ക്രിക്കറ്റ് സെലക്ഷൻ കമ്മിറ്റി ചെയർമാൻ കൂടിയായിരുന്നു ഡിസിൽവ.
'ഞങ്ങൾ ശ്രീലങ്കക്കാർക്ക് 1996-ലെ ലോകകപ്പ് വിജയം അമൂല്യമാണ്. അതുപോലെ സച്ചിൻ തെണ്ടുൽക്കർ ഉൾപ്പെടെയുള്ള ഇന്ത്യൻ താരങ്ങളും ആരാധകരും നെഞ്ചോടു ചേർത്തുവെയ്ക്കുന്ന കിരീടമാണ് 2011 ലോകകപ്പിൽ നേടിയത്. അതുകൊണ്ടുതന്നെ സച്ചിനേയും കോടിക്കണക്കിന് ആരാധകരേയും കരുതി ഇക്കാര്യത്തിൽ നിഷ്പക്ഷ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണം. അത് ബി.സി.സി.ഐയുടേയും ഇന്ത്യൻ ഗവൺമെന്റിന്റേയും കടമയാണ്.'- ഡിസിൽവ പറയുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് സമ്പൂർണ ലോക്ക്ഡൗൺ നിലവിലുണ്ടെങ്കിലും ഈ വിഷയത്തിൽ വ്യക്തത വരുത്താൻ ജീവൻ അപകടത്തിലാക്കിയാണെങ്കിലും ഇന്ത്യയിലേക്ക് വരാനും ഏതു അന്വേഷണവുമായി സഹകരിക്കാനും തയ്യാറാണെന്നും ഡിസിൽവ വ്യക്തമാക്കി.
ഒത്തുകളി ആരോപണത്തിന് പിന്നാലെ ഫൈനലിനുള്ള ലങ്കൻ ടീമിൽ സെലക്ടർമാർ നാല് മാറ്റങ്ങൾ വരുത്തിയത് ചർച്ചയായിരുന്നു. എയ്ഞ്ചലോ മാത്യൂസ് പരിക്കുമൂലം പുറത്തായതിന് പിന്നാലെയാണ് സെലക്ടർമാർ ടീം മാനേജ്മെന്റിന്റെ പിന്തുണയോടെ നാലു മാറ്റങ്ങൾ വരുത്തിയത്. മാത്യൂസിന് പകരം തിസാര പെരേര, ചമര സിൽവയ്ക്ക് പകരം ചമര കപുഗേദര, അജന്ത മെൻഡിസിന് പകരം സൂരജ് രൺദീവ്, രംഗണ ഹെറാത്തിന് പകരം നുവാൻ കുലശേഖര എന്നിവാണ് കളത്തിലിറങ്ങിയത്. എന്നാൽ ടീമിനെ തിരഞ്ഞെടുക്കാൻ ചട്ടപ്രകാരമുള്ള നടപടികളാണ് കൈക്കൊണ്ടതെന്നും ടീമിനെ തിരഞ്ഞെടുക്കുന്നത് സെലക്ടർമാർ ഒറ്റയ്ക്കല്ലെന്നും ഡിസിൽവ വ്യക്തമാകത്കി.
അതേസമയം ഈ ഒത്തുകളി വിഷയത്തിൽ ശ്രീലങ്കൻ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 2011 ലോകകപ്പ് ഫൈനലിന്റെ സമയത്ത് ശ്രീലങ്കയുടെ കായികമന്ത്രി ആയിരുന്ന മഹിന്ദാനന്ദ അലുത്ഗമഗെയാണ് ഒത്തുകളി ആരോപണം ഉന്നയിച്ചത്. എന്നാൽ ഈ ആരോപണം തള്ളി മുൻതാരങ്ങളായ കുമാർ സംഗക്കാരയും മഹേള ജയവർധയും രംഗത്തെത്തിയിരുന്നു.
content highlights: Aravinda de Silva requests BCCI ICC to investigate 2011 WC Final fixing allegations
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..