Photo By Halden Krog| AP
സിഡ്നി: ലോകക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ 'പന്തുചുരണ്ടല്‍' വിവാദം കഴിഞ്ഞ ദിവസം ഓസീസ് താരം കാമറൂണ്‍ ബാന്‍ക്രോഫ്റ്റിന്റെ വെളിപ്പെടുത്തലിലൂടെ വീണ്ടും ചൂടുപിടിക്കുന്നു.
പന്തുചുരണ്ടുന്നതിനെപ്പറ്റി ടീമിലെ ബൗളര്‍മാര്‍ക്കെല്ലാം അറിയാമായിരുന്നെന്നാണ് കഴിഞ്ഞ ദിവസം നടന്ന ഒരു അഭിമുഖത്തില്‍ ബാന്‍ക്രോഫ്റ്റ് വെളിപ്പെടുത്തിയത്.
ഇതോടെ, സംഭവത്തെക്കുറിച്ച് പുനരന്വേഷണം നടത്താന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചു. ഇപ്പോഴിതാ 2018-ലെ പന്തുചുരണ്ടല്‍ സംഭവത്തെ കുറിച്ച് ആര്‍ക്കെങ്കിലും കൂടുതല്‍ വിവരങ്ങള്‍ അറിയാമെങ്കില്‍ അവര്‍ മുന്നോട്ടുവരണമെന്നും ഭരണ സമിതിയെ ഇക്കാര്യം അറിയിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ.
2018-ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിനിടെയായിരുന്നു വിവാദ സംഭവം. ഓസ്ട്രേലിയന്‍ താരം ബാന്‍ക്രോഫ്റ്റ് സാന്‍ഡ് പേപ്പര്‍ ഉപയോഗിച്ച് പന്തിന്റെ ഒരു ഭാഗം ചുരണ്ടുകയായിരുന്നു. സംഭവം ടി.വി. ക്യാമറയില്‍ പതിഞ്ഞതിനാല്‍ കൈയോടെ പിടിക്കപ്പെട്ടു. പാന്റിനുള്ളില്‍ ഒളിപ്പിച്ച സാന്ഡ്പേപ്പര് കണ്ടെത്തി. സംഭവത്തില്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത്, വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍, ബാന്‍ക്രോഫ്റ്റ് എന്നിവര്‍ക്ക് വിലക്കുകിട്ടി. കോച്ച് ഡാരന്‍ ലേമാനും സ്ഥാനം നഷ്ടമായിരുന്നു.
സ്മിത്തും വാര്‍ണറും ഒരു വര്‍ഷത്തിനുശേഷം ടീമില്‍ തിരിച്ചെത്തി. ബാന്‍ക്രോഫ്റ്റ് ഇപ്പോള്‍ ഇംഗ്ലീഷ് കൗണ്ടി ടീം ഡര്‍ഹാമിനായി കളിക്കുകയാണ്.
''ഞാന്‍ ബൗളര്മാര്ക്കുവേണ്ടിയാണ് ആ സാഹസം ചെയ്തത്. സ്വാഭാവികമായും അവര്‍ക്കെല്ലാം അതേക്കുറിച്ച് അറിയാമായിരുന്നു. അത് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല. അങ്ങനെയൊരു ദൗത്യം ഏറ്റെടുക്കുമ്പോള്‍ ടീമിലെ എല്ലാവരുടെയും ഇഷ്ടം സമ്പാദിക്കുക, അതുവഴി ടീമില്‍ എന്റെ പ്രാധാന്യം ഉറപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. പക്ഷേ, അതിലൂടെ നഷ്ടമാകുന്ന ധാര്‍മികതയെപ്പറ്റി വേണ്ടത്ര ആലോചിച്ചില്ല. അത് എന്റെ തെറ്റാണ്. അതില്‍നിന്ന് ഞാന്‍ ഏറെ പാഠങ്ങള്‍ പഠിച്ചു.'' -ദി ഗാര്ഡിയന് നല്കിയ അഭിമുഖത്തില്‍ ബാന്‍ക്രോഫ്റ്റ് പറഞ്ഞു.
Content Highlights: anyone is in possession of new information should present it CA on 2018 ball-tampering scandal
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..