കോഴിക്കോട്: പാകിസ്താനുമായി ഇന്ത്യ തത്ക്കാലം ക്രിക്കറ്റ് കളിക്കില്ലെന്ന് ബി.സി.സി.ഐ. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പാകിസ്താനുമായുള്ള ക്രിക്കറ്റ് ബന്ധം വിച്‌ഛേദിക്കാന്‍ തീരുമാനിച്ചതെന്ന് ബി.സി.സി.ഐ. അധ്യക്ഷന്‍ അനുരാഗ് താക്കൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കോഴിക്കോട്ട് നടക്കുന്ന ബി.ജെ.പി. ദേശീയ കൗണ്‍സില്‍ യോഗത്തിനെത്തിയതായിരുന്നു ഹിമാചല്‍ പ്രദേശിലെ ഹമിര്‍പുരില്‍ നിന്നുള്ള ബി.ജെ.പി.യുടെ ലോക്‌സഭാംഗവും യുവമോര്‍ച്ച ദേശീയാധ്യക്ഷനുമായ അനുരാഗ് താക്കൂര്‍.
ഭീകരവാദം ഊട്ടിവളര്‍ത്തുന്ന പാകിസ്താന്റെ നടപടി തുറന്നു കാട്ടാന്‍ ഇന്ത്യ പരിശ്രമിക്കുന്ന കാലമാണിത്. ഇതിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതും. ഇതുപോലൊരു രാജ്യവുമായി ക്രിക്കറ്റ് കളിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണിക്കുന്ന വിഷയമേയില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള ഒരു ക്രിക്കറ്റ് പരമ്പരയുടെ ശുപാര്‍ശയൊന്നും വന്നിട്ടില്ല. എന്തായാലും തത്ക്കാലം പാകിസ്താനുമായി ഒരു പരമ്പര കളിക്കുന്ന കാര്യം ബി.സി.സി.ഐ.യുടെ പരിഗണനയിലില്ല-താക്കൂര്‍ പറഞ്ഞു.
2012ലാണ് ഇന്ത്യയും പാകിസ്താനും അവസാനമായി ഒരു ക്രിക്കറ്റ് പരമ്പര കളിച്ചത്. ഇന്ത്യയില്‍ നടന്ന പരമ്പരയില്‍ മൂന്ന് ഏകദിനങ്ങളും രണ്ട് ടിട്വന്റിയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. 2007ല്‍ ബെംഗളൂരുവിലാണ് ഇരു രാജ്യങ്ങളും അവസാനമായി ഒരു ടെസ്റ്റ് മത്സരം കളിച്ചത്. ഇതിനിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ശുപാര്‍ശകള്‍ വന്നെങ്കിലും കശ്മീര്‍ പ്രശ്‌നത്തെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ അവയൊക്കെ റദ്ദാക്കപ്പെടുകയായിരുന്നു. ഇതിനിടെ ലോകകപ്പ് ഉള്‍പ്പടെ നിരവധി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയും പാകിസ്താന്‍ പരസ്പരം ഏറ്റുമുട്ടിയെങ്കിലും പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ല.
ഇക്കഴിഞ്ഞ സപ്തംബര്‍ പതിനെട്ടിന് ജമ്മു കശ്മീരിലെ ഉറിയിലുണ്ടായ ഭീകരാക്രമണത്തില്‍ പതിനെട്ട് സൈനികരാണ് കൊല്ലപ്പെട്ടത്. സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ നാല് ഭീകരരും കൊല്ലപ്പെട്ടിരുന്നു.