കളിച്ചുവളര്‍ന്ന രാഷ്ട്രീയക്കാരനാണ് ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തുനിന്ന് സുപ്രീംകോടതി നീക്കിയ അനുരാഗ് ഠാക്കൂര്‍. ബി.ജെ.പി. നേതാവും ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന പ്രേംകുമാര്‍ ധുമാലിന്റെ മകനാണ് അദ്ദേഹം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒരു മത്സരം കളിച്ചിട്ടുണ്ട് അനുരാഗ്. ഹിമാചലിനുവേണ്ടി 2000-2001 വര്‍ഷത്തില്‍ ജമ്മുകശ്മീരിനെതിരെ.
പക്ഷേ, അതിനുമുമ്പേതന്നെ അദ്ദേഹം ഹിമാചല്‍പ്രദേശ് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹിയായും സംസ്ഥാന ക്രിക്കറ്റ് ടീമില്‍ കളിക്കാരനായും വേഷമിട്ട ഒരേയൊരാളാണ് അനുരാഗ്.
ശശാങ്ക് മനോഹര്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി.) അധ്യക്ഷനാകുന്നതോടെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലപ്പത്തേക്ക് എത്താന്‍ ഏറ്റവും സാധ്യതകല്പിക്കപ്പെടുന്ന അനുരാഗിന് ക്രിക്കറ്റ് രാഷ്ട്രീയംപോലതന്നെ പരിചിതലോകം.
2000-ത്തില്‍ തന്റെ 25-ാം വയസ്സില്‍ ഹിമാചല്‍ ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷനായി. 2008-ല്‍ ഹിമാചലിലെ ഹമിര്‍പുരില്‍നിന്ന് ബി.ജെ.പി. എം.പി.യായി പാര്‍ലമെന്റിലെത്തി. ധുമല്‍ ഹിമാചല്‍ മുഖ്യമന്ത്രിയായ ഒഴിവിലാണ് അച്ഛന്റെ മണ്ഡലത്തില്‍നിന്ന് ആദ്യമായി എം.പി.യായത്.
2014-ലെ തിരഞ്ഞെടുപ്പില്‍ മൂന്നാംതവണയും പാര്‍ലമെന്റംഗമായി തിരഞ്ഞെുക്കപ്പെട്ട ഠാക്കൂര്‍ ഹിമാചല്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹി എന്നനിലയിലാണ് ക്രിക്കറ്റ് ഭരണരംഗത്ത് പേരെടുക്കുന്നത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഒരേയൊരു മത്സരം കളിച്ചതിന്റെ ആനുകൂല്യത്തില്‍ ദേശീയ ജൂനിയിര്‍ ക്രിക്കറ്റ് ടീം സെലക്ടറായി ദേശീയരംഗത്തേക്ക് ചുവടുവെച്ചു. 2015-ല്‍ ബി.സി.സി.ഐയുടെ ഓണററി സെക്രട്ടറിയായി.
ബി.സി.സി.ഐയില്‍, ബി.ജെ.പി. നേതാവ് അരുണ്‍ജെയ്റ്റിലിയുടെ ആശീര്‍വാദമുണ്ടായിരുന്നു അനുരാഗിന്. എന്‍. ശ്രീനിവാസന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡും അടക്കിഭരിക്കുന്ന കാലത്ത് നിശ്ശബ്ദനായി നോക്കിനിന്ന അനുരാഗ്, ഐ.പി.എല്‍. കോഴക്കേസില്‍ ശ്രീനിവാസന്‍ കുടുങ്ങിയ അവസരം മുതലെടുത്താണ് ബി.സി.സി.ഐയുടെ അമരത്തേക്കുവരുന്നത്.
ശ്രീനിവാസനെ വെട്ടി, ഡാല്‍മിയയെ ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥിയായി കൊണ്ടുവരുന്നതില്‍ അനുരാഗിനും പങ്കുണ്ടായിരുന്നു. ഡാല്‍മിയയുടെ മരണശേഷം ശശാങ്ക് മനോഹര്‍ രണ്ടാം തവണയും ബി.സി.സി.ഐ. അധ്യക്ഷനായിവരുന്നതും അനുരാഗ് വിഭാഗത്തിന്റെ അജന്‍ഡയുടെ ഭാഗമായാണ്.
ബി.സി.സി.ഐ. പ്രസിഡന്റായാ ഏറ്റവും പ്രായം കുറഞ്ഞയാളാണ് അനുരാഗ് ഠാക്കൂര്‍.