ബെംഗളൂരു: ആദ്യ ടെസ്റ്റിലെ തോല്‍വിയ്ക്ക് ശേഷം ഇന്ത്യക്കെതിരെ രണ്ടാം ടെസ്റ്റിനൊരുങ്ങുന്ന ദക്ഷിണാഫ്രിക്കക്ക് പരിക്ക് ഭീഷണിയാവുന്നു. ഫാസ്റ്റ് ബൗളര്‍ വെര്‍നോണ്‍ ഫിലാന്‍ഡറാണ് ഒടുവില്‍ പരിക്കിന്റെ പിടിയിലകപ്പെട്ടിരിക്കുന്നത്. 

പരിശീലനത്തിനിടെ കാലിന് പരിക്കേറ്റ ഫിലാന്‍ഡര്‍ നാട്ടിലേക്ക് മടങ്ങുകയാണെന്ന് ഡിവില്ല്യേഴ്‌സ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഫിലാന്‍ഡറിന്റെ ഉപ്പൂറ്റിയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്. ഫിലാന്‍ഡറിന് പകരം കൈല്‍ ആബട്ട് ടീമിനൊപ്പം ചേരും.

ദക്ഷിണാഫ്രിക്കന്‍ ബൗളിങ്ങിന്റെ കുന്തമുനയായ ഡെയ്ല്‍ സ്‌റ്റെയ്‌നും പരിക്കു മൂലം വലയുകയാണ്. ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ സ്‌റ്റെയ്ന്‍ ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സില്‍ ബൗള്‍ ചെയ്തിരുന്നില്ല.

Steyn

ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റ് മോര്‍നെ മോര്‍ക്കലിന് രണ്ട് ഏകദിനങ്ങളും ആദ്യ ടെസ്റ്റും നഷ്ടമായിരുന്നു. ഓള്‍റൗണ്ടര്‍ ഡുമിനിയും പരിക്കു മൂലം ആദ്യ ടെസ്റ്റില്‍ ഇറങ്ങിയിരുന്നില്ല. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ ഡുമിനിയുടെ അഭാവം ദക്ഷിണാഫ്രിക്കക്ക് തിരിച്ചടിയിരുന്നു.

പരിക്കേറ്റ താരങ്ങള്‍ക്ക് രണ്ടാം ടെസ്റ്റിന് മുമ്പ് ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ദക്ഷിണാഫ്രിക്കന്‍ ടീം മാനേജ്‌മെന്റ്. ആദ്യ ടെസ്റ്റില്‍ തോറ്റ സന്ദര്‍ശകര്‍ക്ക് രണ്ടാം ടെസ്റ്റ് നിര്‍ണായകമാണ്.