ലണ്ടന്‍: ഇന്ത്യന്‍ ടീം പരിശീകസ്ഥാനത്ത് നിന്ന് രാജിവെച്ച അനില്‍ കുംബ്ലെയുമായി വിരാട് കോലി കഴിഞ്ഞ ആറു മാസമായി മൗനവൃത്തത്തിലായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. നേരില്‍ കണ്ടിട്ടും കുംബ്ലെയോട് കോലി ശരിയായി സംസാരിക്കാറുപോലുമില്ലായിരുന്നുവെന്ന് ബി.സി.സി.ഐയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.
കുംബ്ലെയുമായുള്ള അഭിപ്രായ വ്യത്യാസം മൂലം പരിശീലനത്തിനിടെ പോലും ഇരുവരും തമ്മില്‍ കാര്യമായ ആശയവിനിമയം നടത്താറില്ല. ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിന് ശേഷമാണ് കോലി കുംബ്ലെയില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ തുടങ്ങിയത്.
കൂടാതെ ഗാംഗുലിയും ലക്ഷ്മണും സച്ചിനുമടങ്ങുന്ന ഉപദേശക സമിതി കുംബ്ലെയുടെ കരാര്‍ നീട്ടാന്‍ വേണ്ടത്ര രീതിയില്‍ താത്പര്യം പ്രകടിപ്പിച്ചില്ലെന്നും റിപ്പോര്‍ട്ടുണ്ട്. എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചാല്‍ മാത്രമേ കുംബ്ലെയുടെ കരാര്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ എന്ന നിലപാടാണ് ഉപദേശക സമിതി സ്വീകരിച്ചത്. ബി.സി.സി.ഐയിലെ ഒരു സീനിയര്‍ ഓഫീസര്‍ പറയുന്നു.
ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് ശേഷം ഇന്ത്യന്‍ ടീമിന്റെ ഹോട്ടലില്‍ വെച്ച് മൂന്ന് മീറ്റിങ്ങുകള്‍ നടന്നിരുന്നു. ആദ്യ മീറ്റിങ്ങില്‍ കുംബ്ലെയും ബി.സി.സിഐ അംഗങ്ങളും ഉപദേശക സമിതിയുമാണ് പങ്കെടുത്തത്. കുംബ്ലെ പുറത്തിറങ്ങിയ ശേഷം കോലിയുമായും ഇവര്‍ ചര്‍ച്ച നടത്തി. പിന്നീട് ഒരു മേശക്കിരുവശവും ഇരുന്ന് കുംബ്ലെയും കോലിയും തമ്മില്‍ സംസാരിച്ചു. എന്നാല്‍ അത് തര്‍ക്കത്തില്‍ അവസാനിക്കുകയാണ് ചെയ്തത്.