ന്യൂഡല്‍ഹി: ഒക്ടോബറില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പിനുശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനത്തുനിന്ന് രവിശാസ്ത്രി പടിയിറങ്ങുകയാണ്. ശാസ്ത്രിയ്ക്ക് പകരം പുതിയ പരിശീലകനെ കണ്ടെത്താനായി ബി.സി.സി.ഐ ശ്രമങ്ങള്‍ ആരംഭിച്ചു. 

രാഹുല്‍ ദ്രാവിഡ്, എം.എസ്.ധോനി, ശ്രീലങ്കന്‍ താരം മഹേല ജയവര്‍ധനെ തുടങ്ങിയ താരങ്ങളെല്ലാം മുന്‍ഗണനയിലുണ്ട്. എന്നാല്‍ ബി.സി.സി.ഐ അനില്‍ കുംബ്ലെയെ വീണ്ടും പരിശീലകനായി നിയമിക്കാന്‍ സാധ്യതയുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. 

രവിശാസ്ത്രിയ്ക്ക് മുന്‍പ് ഇന്ത്യയെ കുംബ്ലെ പരിശീലിപ്പിച്ചിട്ടുണ്ട്. കുംബ്ലെയോട് വീണ്ടും പരിശീലകസ്ഥാനം ഏറ്റെടുക്കാന്‍ ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. 

2017 ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താനോട് ഇന്ത്യ പരാജയപ്പെട്ടതിനുപിന്നാലെയാണ് കുംബ്ലെ സ്ഥാനമൊഴിഞ്ഞത്. നായകന്‍ വിരാട് കോലിയുമായുള്ള പ്രശ്‌നങ്ങളും കുംബ്ലെയുടെ രാജിയില്‍ നിര്‍ണായക പങ്കുവഹിച്ചു.

നിലവില്‍ ഐ.പി.എല്‍ ടീം പഞ്ചാബ് കിങ്‌സിന്റെ പരിശീലകനാണ് കുംബ്ലെ. കുംബ്ലെയ്ക്ക് പുറമേ മുന്‍ ഇന്ത്യന്‍ താരം വി.വി.എസ് ലക്ഷ്മണെയും പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. 

Content Highlights: Anil Kumble to replace Ravi Shastri as Team India head coach? BCCI exploring ways to bring back Jumbo