മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലെയിങ് ഇലവനെ നിര്‍ദേശിച്ച് മുന്‍ പരിശീലകന്‍ അനില്‍ കുംബ്ലെ. ഈ മാസം 26-ന് ബോക്‌സിങ് ഡേയില്‍ ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റ് ആരംഭിക്കാനിരിക്കെയാണ് ടീമില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ കുംബ്ലെ നിര്‍ദേശിച്ചത്.
ആറു ബാറ്റ്‌സ്മാന്‍മാരും അഞ്ചു ബൗളര്‍മാരും അടങ്ങുന്ന ടീമിനെയാണ് കുംബ്ലെ തിരഞ്ഞെടുത്തിരിക്കുന്നത്. ഓപ്പണിങ് ജോഡി തന്നെ ശ്രദ്ധേയമാണ്. മയങ്ക് അഗര്‍വാളിനെയും ഹനുമ വിഹാരിയേയുമാണ് കുംബ്ലെ ഓപ്പണിങ് സ്ഥാനത്തേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.
പിന്നാലെ പൂജാര, കോലി, രഹാനെ, പന്ത് എന്നിവര്‍. അശ്വിനും ജഡേജയുമടക്കം രണ്ട് സ്പിന്നര്‍മാരെ അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്. മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ എന്നിവരാണ് പേസര്‍മാര്‍.
അതേസമയം ടീമിന്റെ ചുമതലയുണ്ടായിരുന്നെങ്കില്‍ സ്പിന്നറെ ഉള്‍പ്പെടുത്താതെ കളിക്കുമായിരുന്നോ എന്ന ചോദ്യത്തിന് കുംബ്ലെയുടെ മറുപടി ഇങ്ങനെ; ഒരിക്കലുമില്ല, ടീമില്‍ ഒരു സ്പിന്നര്‍ അത്യാവശ്യമാണ്. ബൗളിങ് കോമ്പിനേഷന്‍ ഒരുപോലെയാകാന്‍ അത് ആവശ്യമാണ്. എല്ലാ സാഹചര്യത്തിലും നിങ്ങള്‍ക്ക് ബൗള്‍ ചെയ്യേണ്ടതായി വരും, അപ്പോള്‍ അതിന് അനുസരിച്ച് പെരുമാറാന്‍ ബൗളിങ് കോമ്പിനേഷന് സാധിക്കണം. അതിന് ഒരു സ്പിന്നര്‍ കൂടിയേ തീരൂ.
''പച്ചപ്പ് കൂടുതലുള്ള പിച്ചില്‍ നാലു പേസര്‍മാരുമായി നിങ്ങള്‍ക്ക് കളിക്കാനിറങ്ങാം, പക്ഷേ അഞ്ചു ദിവസവും പിച്ച് മാറ്റമൊന്നുമില്ലാതെ അതേ സ്വഭാവത്തില്‍ നിലനില്‍ക്കുമെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം. എതിരാളികളെ നോക്കിയാലും നിങ്ങള്‍ക്ക് ഒരു സ്പിന്നറെ ഉള്‍പ്പെടുത്താം. കാരണം നിങ്ങള്‍ ഓസീസിനെതിരേയാണ് കളിക്കുന്നത്. സ്പിന്നിനെ അത്ര നന്നായി കളിക്കുന്നവരല്ല അവരുടെ പല ബാറ്റ്‌സ്മാന്‍മാരും. അതിനാല്‍ തന്നെ ഒരു സ്പിന്നറെ ടീമിലെടുക്കുന്നത് എപ്പോഴും നല്ലതു തന്നെയാണ് '', കുംബ്ലെ വ്യക്തമാക്കി.
പെര്‍ത്ത് ടെസ്റ്റില്‍ ഒരു സ്പിന്നര്‍ പോലുമില്ലാതെയായിരുന്നു ഇന്ത്യ കളിച്ചത്. ഓസീസ് സ്പിന്നര്‍ നഥാന്‍ ലിയോണ്‍ ഇവിടെ മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ ഒരു സ്പിന്നര്‍ പോലും ഇല്ലാതിരുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയായിരുന്നു.
Content Highlights: anil kumble sugget indian eleven for Melbourne test