ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ അനില്‍ കുംബ്ലെയെ ഇന്ത്യന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനാക്കണമെന്ന ആവശ്യവുമായി വീരേന്ദര്‍ സെവാഗ് രംഗത്ത്. കളിക്കാരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനുള്ള കുംബ്ലെയുടെ കഴിവ്, അദ്ദേഹത്തെ ഈ പദവിക്ക് അനുയോജ്യനാക്കുന്നുവെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.

സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഏറ്റവും അനുയോജ്യനായ വ്യക്തിയാണ് അദ്ദേഹം. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്റെ വേതനത്തില്‍ വര്‍ധന വരുത്തി വേണം കുംബ്ലെയെ നിയമിക്കാനെന്നും സെവാഗ് ആവശ്യപ്പെട്ടു. എം.എസ്.കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് സെവാഗിന്റെ ഈ വാക്കുകള്‍.

രാജ്യാന്തര മത്സരപരിചയം കുറവായ എം.എസ്.കെ പ്രസാദും സംഘവും അതിന്റെ പേരില്‍ ഏറെ പരിഹാസവും വിമര്‍ശനവും നേരിടേണ്ടി വന്നിരുന്നു. പ്രസാദ് ഉള്‍പ്പെടെ സെലക്ഷന്‍ കമ്മിറ്റിയിലെ അഞ്ച് അംഗങ്ങളും ചേര്‍ന്ന് ഇന്ത്യന്‍ ജഴ്സിയില്‍ കളിച്ചത് 13 ടെസ്റ്റുകള്‍ മാത്രമാണ്. 

കുംബ്ലെയെ പോലൊരു വ്യക്തിക്കെതിരേ ഇത്തരം വിമര്‍ശനങ്ങള്‍ ഉണ്ടാകില്ല, പരിശീലകനെന്ന നിലയിലും കുംബ്ലെക്ക് പരിചയമുണ്ടെന്നും സെവാഗ് ചൂണ്ടിക്കാട്ടി.

 2007-2008ലെ ഓസ്ട്രേലിയ പരമ്പരയില്‍ ഞാന്‍ ടീമിലേക്ക് തിരിച്ചെത്തിയിരുന്നു. അന്ന് ക്യാപ്റ്റനായിരുന്ന കുംബ്ലെ എന്റെ മുറിയിലെത്തി പറഞ്ഞു: ''അടുത്ത രണ്ടു പരമ്പരകളില്‍ നിങ്ങള്‍ ടീമില്‍നിന്ന് ഒഴിവാക്കപ്പെടില്ല'', ഇത്തരത്തിലുള്ള ആത്മവിശ്വാസമാണ് കളിക്കാര്‍ക്ക് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

മലയാളി താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ബി.സി.സി.ഐ ഏഴു വര്‍ഷമായി കുറച്ചതില്‍ സന്തോഷമുണ്ടെന്നു പറഞ്ഞ സെവാഗ് ആഭ്യന്തര ക്രിക്കറ്റിലൂടെ ശ്രീശാന്തിനു തിരിച്ചുവരാമെന്നും ചൂണ്ടിക്കാട്ടി.

Content Highlights: Anil Kumble should be chairman of selectors Virender Sehwag