ലണ്ടന്‍: ഇന്ത്യന്‍ ടീമിലെ പത്ത് പേര്‍ക്ക് അനില്‍ കുംബ്ലെയെ പരിശീലകനായി വേണ്ട. ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം കുംബ്ലെയുടെ പരിശീലനക്കരാര്‍ നീട്ടെണ്ടെന്ന് പത്ത് താരങ്ങള്‍ അഭിപ്രായപ്പെട്ടതായും ഒരാള്‍ മാത്രമാണ് കുംബ്ലെക്ക് അനുകൂലമായി സംസാരിച്ചതെന്നും റിപ്പോര്‍ട്ട്.

കുംബ്ലെയുടേത് മനുഷ്യത്വരഹിതമായ പരിശീലന രീതിയാണെന്നും പരിക്ക് പറ്റുന്ന തരത്തിലുള്ളതാണെന്നുമാണ് ടീമംഗങ്ങളുടെ പരാതി. ഇത്രയും കര്‍ക്കശമായ പരിശീലനരീതിയോട് യോജിച്ചു പോകാനാകില്ലെന്നും ഇവര്‍ പറയുന്നു.

ബി.സി.സി.ഐ ഉപദേശക സമിതി അംഗം സൗരവ് ഗാംഗുലി, ആക്ട്ടിങ് സെക്രട്ടറി അമിതാഭ് ചൗധരി, ജനറല്‍ മാനേജര്‍ എം.വി ശേഖര്‍ എന്നിവരോട് ടീമംഗങ്ങള്‍ പരാതി പറഞ്ഞതായാണ് റിപ്പോര്‍ട്ട്. 

അതേസമയം കുംബ്ലെ പരിശീലകനായ ശേഷം ഇന്ത്യയുടെ പ്രകടനം മികച്ചതായിരുന്നു. അതെുകൊണ്ടു തന്നെ കുംബ്ലെയെത്തന്നെ വീണ്ടും പരിശീലകനായി ബി.സി.സി.ഐ തെരഞ്ഞെടുക്കാന്‍ സാധ്യതയുണ്ടെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. പരിശീലകനുള്ള അപേക്ഷ കുംബ്ലെയും സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് സൂചന. 

പുതിയ പരിശീലകനെ തെരഞ്ഞെടുക്കാന്‍ ലണ്ടനില്‍ വെച്ച് ഗാംഗുലിയും സച്ചിനും ലക്ഷ്മണും അടങ്ങുന്ന ഉപദേശക സമിതി യോഗം ചേരും. തുടര്‍ന്ന് ലണ്ടനില്‍ തന്നെ അപേക്ഷകരുടെ അഭിമുഖം നടക്കും.