ന്യൂഡല്‍ഹി: ക്രിക്കറ്റിന്റെ കാര്യമെടുത്താല്‍ ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോര്‍ഡ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് (ബി.സി.സി.ഐ) ആണ്. ഇന്ത്യയിലെ മറ്റേത് കായിക ഇനത്തേക്കാളും സാമ്പത്തിക ഭദ്രതയുള്ള താരങ്ങള്‍ ഉള്ളതും ക്രിക്കറ്റിലാണ്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ പുതിയ തലമുറയിലെ ക്രിക്കറ്റ് താരങ്ങള്‍ നന്ദി പറയേണ്ടത് സച്ചിന്‍ തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ എന്നിവരോടാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് വീരേന്ദര്‍ സെവാഗ്.
2001-2002 കാലഘട്ടത്തില്‍ ബി.സി.സി.ഐയുടെ വരുമാനത്തിന്റെ ഒരു പങ്ക് കളിക്കാര്‍ക്കു കൂടി നല്‍കണമെന്നാവശ്യപ്പെട്ട് ഇവര്‍ മൂന്നു പേരും നടത്തിയ പോരാട്ടമാണ് ഇപ്പോഴത്തെ ക്രിക്കറ്റ് താരങ്ങള്‍ അനുഭവിക്കുന്ന സാമ്പത്തിക ഭദ്രതയ്ക്ക് പിന്നിലെന്ന് സെവാഗ് ചൂണ്ടിക്കാട്ടി.
''ആ സമയത്ത് സ്വന്തമായി കളിക്കാരുടെ ഒരു അസോസിയേഷന്‍ ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ബി.സി.സി.ഐ. എന്നാല്‍ ഈ നീക്കത്തിനു മുന്‍പേ തന്നെ സച്ചിന്‍, ഗാംഗുലി, ദ്രാവിഡ്, കുംബ്ലെ എന്നിവര്‍ ചേര്‍ന്ന് ടീം അംഗങ്ങളെ സംഘടിപ്പിക്കുകയും ബി.സി.സി.ഐയുടെ ടെലിവിഷന്‍ സംപ്രേക്ഷണ കരാറിന്റെ ഒരു പങ്ക് ആവശ്യപ്പെടുകയുമായിരുന്നു. മറ്റേതെങ്കിലും കായിക രംഗത്ത് ഈ കീഴ്‌വഴക്കം ഉണ്ടോ എന്നറിയില്ല. എന്നിരുന്നാലും ബി.സി.സി.ഐയുടെ വരുമാനത്തിന്റെ ഒരു പങ്ക് ലഭിക്കാന്‍ ഞങ്ങള്‍ക്ക് പോരാടേണ്ടി വന്നു. ഞങ്ങളുടെ അവകാശത്തിനായി സച്ചിന്‍, ദ്രാവിഡ്, കുംബ്ലെ എന്നിവര്‍ അന്ന് പോരാടിയില്ലായിരുന്നുവെങ്കില്‍ ഞങ്ങളാരും ഇന്ന് ഇക്കാണുന്ന നിലയില്‍ എത്തില്ലായിരുന്നു'' - സെവാഗ് വ്യക്തമാക്കി.
ഐ.പി.കെ.എല്‍ എന്ന പുതിയ കബഡി ലീഗിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സെവാഗ്.
Content Highlights: anil kumble rahul dravid s fight for revenue share benefitting current cricketers virender sehwag
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..