ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം താന്‍ ആസ്വദിച്ചിരുന്നുവെന്നും സ്ഥാനമൊഴിഞ്ഞതില്‍ ഖേദിക്കുന്നില്ലെന്നും മുന്‍ താരം അനില്‍ കുംബ്ലെ.
ഒരു വര്‍ഷക്കാലത്തോളം ഇന്ത്യന്‍ പരിശീലക സ്ഥാനത്ത് തുടര്‍ന്ന കുംബ്ലെ ക്യാപ്റ്റന്‍ വിരാട് കോലിയുമായുള്ള അഭിപ്രായഭിന്നതകളെ തുടര്‍ന്നാണ് രാജിവെച്ചത്. ഇന്ത്യ പാകിസ്താനെതിരായ ഫൈനല്‍ തോറ്റ 2017 ചാമ്പ്യന്‍സ് ട്രോഫിക്ക് പിന്നാലെയായിരുന്നു കുംബ്ലെയുടെ പടിയിറക്കം.
കഴിഞ്ഞ ദിവസം ഒരു ഇന്‍സ്റ്റാഗ്രാം ലൈവ് സെഷനില്‍ സംസാരിക്കുന്നതിനിടെയാണ് കുംബ്ലെ താന്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായിരുന്ന കാലത്തെ കുറിച്ച് സംസാരിച്ചത്.
''ഇന്ത്യന്‍ പരിശീലകനെന്ന റോള്‍ ലഭിച്ചപ്പോള്‍ ഏറെ സന്തോഷം തോന്നിയിരുന്നു. ഇന്ത്യന്‍ ടീമിനൊപ്പം ചെലവഴിച്ച ആ ഒരു വര്‍ഷം ഏറെ മികച്ചതായിരുന്നു. മികച്ച താരങ്ങള്‍ക്കൊപ്പം ചെലവഴിച്ചതും വീണ്ടും ഇന്ത്യന്‍ ഡ്രസ്സിങ് റൂമിന്റെ ഭാഗമാകാന്‍ സാധിച്ചതും മികച്ച അനുഭവമായിരുന്നു. ആ ഒരു വര്‍ഷത്തിനിടയില്‍ ഞങ്ങള്‍ വളരെ മികച്ച പ്രകടനം കാഴ്ചവച്ചു. ഏതാനും സംഭാവനകള്‍ നല്‍കിയതില്‍ എനിക്ക് സന്തോഷമുണ്ട്. അവിടെ നിന്ന് ഇറങ്ങിയതിലും സന്തോഷമുണ്ട്. അവസാനം മികച്ചതായിരുന്നേനെയെന്ന് എനിക്കറിയാം, എങ്കിലും അത് സാരമില്ല.'' - കുംബ്ലെ പറഞ്ഞു.
കുംബ്ലെ പരിശീലകനായിരുന്ന കാലത്ത് ടീം ഇന്ത്യ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതെത്തിയിരുന്നു.
Content Highlights: Anil Kumble on controversial India coaching stint