മികച്ച ക്രിക്കറ്റ് മസ്തിഷ്‌കത്തിനുടമയായ അനില്‍ കുംബ്ലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റ പരിശീലകസ്ഥാനം രാജിവെച്ചൊഴിയുമ്പോള്‍ അക്കാര്യം വെളിപ്പെടുന്നു, അടിമുടി മാന്യനായ ഒരാള്‍ക്ക് യോജിച്ച ജോലിയല്ല ഇന്ത്യന്‍ പരിശീലകന്റെതെന്ന്.
രണ്ടു പതിറ്റാണ്ടോളം രാജ്യത്തിനുവേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കുകയും വിഖ്യാതമായ ഒട്ടേറെ വിജയങ്ങളുടെ സൂത്രധാരനാവുകയുംചെയ്ത കുംബ്ലെ കരിയറിന്റെ ഒരുഘട്ടത്തിലും വിവാദങ്ങളില്‍പ്പെട്ടില്ല. എതിര്‍ ടീമിലെ കളിക്കാര്‍പോലും ആദരവോടെ മാത്രം കണ്ട ജന്റില്‍മാന്‍ ക്രിക്കറ്റര്‍ക്ക് ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനത്ത് കേവലം ഒരു വര്‍ഷം മാത്രമേ തുടരാന്‍ കഴിഞ്ഞുള്ളൂ. പരിശീലകനായിരുന്ന സമയത്ത് ടീമിന്റ പ്രകടനം ഒട്ടും മോശമായതുകൊണ്ടല്ല, മറിച്ച് ടീമിന്റെ ക്യാപ്റ്റന്‍ വിരാട് കോലിയുള്‍പ്പെടെയുള്ള താരങ്ങളുമായി ഒത്തുപോവാന്‍ കഴിയാത്തതുകൊണ്ടുമാത്രം.
കഴിഞ്ഞ ദിവസം പര്യവസാനിച്ച ഐ.സി.സി. ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ നടക്കുന്ന സമയത്ത് കോലിയും പരിശീലകനും തമ്മില്‍ മിണ്ടാട്ടമേ ഇല്ലായിരുന്നുവെന്ന് ടീമുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു. മികച്ച മധ്യനിര ബാറ്റ്സ്മാനായ അജിന്‍ക്യ രഹാനെയെ ഒരു മത്സരംപോലും കളിപ്പിക്കാതെ പുറത്തിരുത്തിയതില്‍ കുംബ്ലെയ്ക്ക് അതൃപ്തിയുണ്ടായിരുന്നു. ടീം സെലക്ഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ക്യാപ്റ്റന്‍ പരിശീലകന്റെ അഭിപ്രായം മുഖവിലയ്ക്കെടുത്തിരുന്നില്ല.
ചാമ്പ്യന്‍സ് ട്രോഫിയുടെ ഫൈനലില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരുടെ അലക്ഷ്യമായ ബാറ്റിങ്ങാണ് ഇന്ത്യയെ ദയനീയപരാജയത്തിലേക്ക് നയിച്ചതെന്നും ആ ഘട്ടത്തില്‍ രഹാനെയെപ്പോലുള്ള ഒരു ബാറ്റ്സ്മാന്റെ സാന്നിധ്യം ടീമിന് മുതല്‍ക്കൂട്ടാവുമായിരുന്നെന്നും ഇന്ത്യന്‍ ടീമിന്റെ ഉപദേശകസമിതി മുമ്പാകെ കുംബ്ലെ ധരിപ്പിച്ചതായറിയുന്നു. ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ പദവിയില്‍ കോലിയേക്കാള്‍ മികവുപുലര്‍ത്താന്‍ രഹാനെയ്ക്ക് കഴിയുമെന്ന അഭിപ്രായവും നേരത്തേതന്നെ കുംബ്ലെ പങ്കുവെച്ചിരുന്നു.
ഇന്ത്യന്‍ ടീമില്‍ കുംബ്ലെയുടെ സഹതാരങ്ങളായിരുന്ന സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മണ്‍ എന്നിവരാണ് ഉപദേശകസമിതി അംഗങ്ങള്‍. കുബ്ലെയുടെ സത്യസന്ധമായ സമീപനരീതിയെയും ആത്മാര്‍ഥതയെയുംകുറിച്ച് ഈ മൂവര്‍സംഘത്തിന് അറിവുണ്ടാവണം. പക്ഷേ, താരകേന്ദ്രീകൃതമായ ഇന്ത്യന്‍ ക്രിക്കറ്റില്‍ അപ്പപ്പോഴത്തെ താരങ്ങള്‍ക്കു മാത്രമാണ് പ്രസക്തിയെന്ന വസ്തുത അവര്‍ക്കും ബോധ്യമുണ്ടാവണം. കുംബ്ലെയും കോലിയും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടാവുമ്പോള്‍ നിലവിലെ സാഹചര്യത്തില്‍ കോലിക്കൊപ്പം നില്‍ക്കാനേ അവര്‍ക്ക് കഴിയുള്ളൂ.
വളരെ ചെറിയ കാലയളവിലേ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായും കുംബ്ലെയുണ്ടായിരുന്നുള്ളൂ. അധികകാലം കുംബ്ലെയ്ക്ക് നായകസ്ഥാനത്ത് ഇരിക്കാന്‍ കഴിയാത്തതുകൊണ്ടുള്ള നഷ്ടം ഇന്ത്യന്‍ ടീമിനുതന്നെയായിരുന്നുവെന്ന് ഇംഗ്ലീഷ് ടീമിന്റെ നായകനും ക്രിക്കറ്റ് കമന്റേറ്ററുമായ നാസര്‍ ഹുസൈന്‍ വിലയിരുത്തിയിരുന്നു. ഇപ്പോള്‍ കുംബ്ലെ പരിശീലകസ്ഥാനത്തുനിന്നൊഴിയുമ്പോഴും അങ്ങനെത്തന്നെ പറയേണ്ടിവരും. അടുത്ത പരിശീലകന്‍ ആരെന്നാണ് ഇപ്പോഴത്തെ വിലയേറിയ ചോദ്യം. ഒരുകാര്യം ഉറപ്പാണ്.
ടീമിലെ വിലയേറിയ താരങ്ങളുടെ പ്രാമാണ്യം അംഗീകരിക്കാന്‍ തയ്യാറാവുന്ന, ഒത്തുതീര്‍പ്പുകള്‍ക്ക് സന്നദ്ധനാവുന്ന ഒരു വ്യക്തിക്കേ ഈ പദവയില്‍ വിജയിക്കാനാവൂ. ജോണ്‍ റൈറ്റിനെയോ ഗാരി കേഴ്സ്റ്റനെയോപോലെ മികച്ച മാനേജ്മെന്റ് വിദഗ്ധര്‍കൂടിയായ ക്രിക്കറ്റര്‍മാര്‍ക്കേ ഈ പദവിയില്‍ വിജയിക്കാനാവൂ എന്നര്‍ഥം. വീരേന്ദര്‍ സെവാഗിനെപ്പോലൊരാള്‍ക്ക് ആ പദവി യോജിക്കുമോയെന്നും കണ്ടറിയേണ്ടിവരും.