'ക്രിക്കറ്റിന് എന്നെ വേണ്ടാതായാലും എനിക്ക് ക്രിക്കറ്റ് വേണം. എന്നെ ഞാനാക്കിയ ഈ സുന്ദരമായ കളിയില്ലെങ്കില്‍ പിന്നെ ഞാനില്ല' - ഇന്ത്യന്‍ടീമില്‍ കളിച്ചുകൊണ്ടിരിക്കെ, അനുവദിച്ച ഒരു അഭിമുഖത്തിനിടെ അനില്‍ കുംബ്ലെ പറഞ്ഞതാണിത്. ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ ജിംനേഷ്യത്തില്‍ വെച്ച് ആ അഭിമുഖം നല്കുമ്പോള് കളിക്കാരനെന്ന നിലയില്‍ കുംബ്ലെയുടെ കരിയര്‍ മിക്കവാറും അവസാനിക്കാറായിരുന്നു.
പ്രഭാതത്തില്‍ ഒന്നര മണിക്കൂറിലധികം വ്യായാമംചെയ്ത് വിയര്ത്തൊലിച്ചുവന്ന കുംബ്ലെയോട് തുടക്കത്തില്‍തന്നെ ചോദിച്ച ചോദ്യങ്ങളിലൊന്ന് അതായിരുന്നു. 'ക്രിക്കറ്റ് കളിക്കാത്ത ഒരു കാലത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ, അപ്പോള്‍ എന്തുചെയ്യും?' അക്ഷോഭ്യനായി കുംബ്ലെ പറഞ്ഞു. കളിക്കാരനല്ലെങ്കില്‍ സംഘാടകന്‍, അല്ലെങ്കില്‍ കമന്റേറ്റര്‍ ഒരുപക്ഷെ, പരിശീലകന്... അങ്ങനെ പോയി ആ മറുപടി.
619 ടെസ്റ്റ് വിക്കറ്റുകള്‍ സ്വന്തം പേരില്കുറിച്ച് ഇന്ത്യന്ടീമിനോട് വിടവാങ്ങിയ ശേഷം കുംബ്ലെ ക്രിക്കറ്റ് ഭരണംകയ്യാളി മാറ്റുതെളിയിച്ചു. ജവഗല്‍ ശ്രീനാഥിനൊപ്പം കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ അമരത്തുവന്നു. കെ.സി.എ. പ്രഡന്റായിരുന്ന ഹ്രസ്വകാലത്ത് ബാംഗ്ലൂര്നഗരത്തിനുപുറത്തും മികച്ച പരിശീലനസൗകര്യങ്ങളും ഗ്രൗണ്ടുകളും ഉണ്ടാക്കിയെടുത്തു. പക്ഷേ, അസോസിയേഷനിലെ രാഷ്ട്രീയവും പടലപ്പിണക്കവും മനസ്സുമടുപ്പിച്ചതോടെ ശ്രീനാഥിനൊപ്പം ആ പണി മതിയാക്കി. കമന്റേറ്ററുടെ ജോലിയും ഇണങ്ങില്ലെന്ന് ബോധ്യംവന്നപ്പോള്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ ചെയര്‍മാനും ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡിന്റെ ടെക്നിക്കല്‍ കമ്മിറ്റിയുടെ തലവനുമായി. അതിനുശേഷമാണ് ഗ്രൗണ്ടിന് പുറത്തല്ല, അകത്തുതന്നെയാണ് തന്റെ റോള്‍ എന്ന് അനില്‍ തിരിച്ചറിഞ്ഞത്.
ഇന്ത്യന്പരിശീലകന്റെ ഒഴിവിലേക്ക് കുംബ്ലെ അപേക്ഷ നല്കിയപ്പോള് പലര്‍ക്കും അത് അദ്ഭുതമായിരുന്നു. ടീമിന്റെ ടെക്നിക്കല്‍ ഡയറക്ടറായ രവിശാസ്ത്രി പരിശീലകനാവുമെന്ന് മിക്കവാറും ഉറപ്പിച്ച ഘട്ടത്തിലായിരുന്നു ഈ അപ്രതീക്ഷിത നീക്കം. അതിന് കാരണം ഒന്നേയുള്ളൂ - നേരത്തെ പറഞ്ഞതുപോലെ ക്രിക്കറ്റില്ലാത്ത ഒരു ജീവിതം കുംബ്ലെയ്ക്ക് സാധ്യമല്ല. കളിക്കാരനെന്ന നിലയില്‍ നല്കിയതിനേക്കാള് വലിയ സംഭാവനകള്‍ പരിശീലകനെന്ന നിലയില്‍ ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കാനാവുമെന്നാണ് അദ്ദേഹത്തെ അടുത്തറിയുന്നവര്‍ പറയുന്നത്. മുത്തയ്യ മുരളീധരനും ഷെയ്ന് വോണും കഴിഞ്ഞാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളറാണ് കുംബ്ലെ. ശരിയായ മാച്ച് വിന്നര്‍.
ടെസ്റ്റ് ക്രിക്കറ്റില്‍ ഒരിന്നിങ്സിലെ 10 വിക്കറ്റ് എന്ന അനശ്വരനേട്ടം കൊയ്തയാള്. വോണിനെയോ മുരളീധരനെയോ പോലെ സ്വാഭാവിക പ്രതിഭയുള്ള മികച്ച സ്പിന്നറായിരുന്നില്ല അദ്ദേഹം. കുബ്ലെ നേടിയ വിക്കറ്റുകളില്‍ കൂടുതലും മസ്തിഷ്കം കൊണ്ടായിരുന്നെന്ന് പറയേണ്ടിവരും. ലൈനിലും ലെങ്തിലും വേഗതയിലും ബൗണ്സിലുമെല്ലാം നിരന്തരം വ്യതിയാനം വരുത്തി പ്രതിയോഗികളെ സമര്‍ദത്തിലാഴ്ത്തി വിക്കറ്റുകള്വീഴ്ത്തുന്ന ബൗളര്‍. വളരെ കുറച്ചുമത്സരങ്ങളിലേ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായിരിക്കാന്‍ കുംബ്ലെയ്ക്ക് കഴിഞ്ഞിട്ടുള്ളൂ. എന്നാല്‍ ഇന്ത്യകണ്ട ബുദ്ധിമാന്മാരായ ക്രിക്കറ്റ് ക്യാപ്റ്റന്മാരില് ഒരാളാണ് കുംബ്ലെയെന്ന് സുനില്‍ ഗാവസ്കറെപ്പോലുള്ളവര്‍ വിലയിരുത്തിയിട്ടുണ്ട്. അദ്ദേഹത്തിനുകീഴില്‍ കളിച്ച മിക്ക ഇന്ത്യന്‍താരങ്ങളും ഇതിനോട് യോജിക്കും. അങ്ങനെ ബുദ്ധികൊണ്ട് ക്രിക്കറ്റ് കളിക്കുകയും മത്സരങ്ങള്‍ ജയിക്കുകയും ചെയ്ത കുംബ്ലെ മികച്ച പരിശീലകനാവാനുള്ള സാധ്യതയും ഏറെയാണ്.
നല്ലൊരു നയതന്ത്രജ്ഞനാണ് കുംബ്ലെ. മാന്യമായ പെരുമാറ്റം, എത്ര വലിയ പ്രകോപനങ്ങള്‍ ഉണ്ടായാലും സംയമനം കൈവിടില്ല. ആശയവിനിമയശേഷിയിലും മുന്നില്‍ നില്ക്കുന്നു. തള്ളേണ്ടതിനെ തള്ളാനും കൊള്ളേണ്ടതിനെ കൊള്ളാനും ഒരു മടിയുമില്ല. അളന്നുതൂക്കിയേ സംസാരിക്കൂ. കുംബ്ലെയുടെ വാക്കുകളുടെ തീക്ഷ്ണത ഏറ്റവുമധികം അറിഞ്ഞത് ഒരുപക്ഷേ, ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമായിരിക്കണം. കുപ്രസിദ്ധമായ 'മങ്കി ഗേറ്റ്' സംഭവത്തില്‍ കളിയുടെ മാന്യത ഉള്‍ക്കൊണ്ട് സംസാരിക്കണമെന്ന അഭിപ്രായ പ്രകടനം ഓസ്ട്രേലിയയെ അക്ഷരാര്‍ഥത്തില്‍ കിടിലംകൊള്ളിക്കുകതന്നെ ചെയ്തു.
ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ടിന്റെ ബോഡിലൈന്‍ ബൗളിങ്ങിനെതിരെ മുന്‍ ഓസ്ട്രേലിയന്‍ നായകന് പ്രതികരിച്ച വാക്കുകള്‍ കടംകൊണ്ടായിരുന്നു ഈ അഭിപ്രായപ്രകടനം. ഓസ്ട്രേലിയക്കാരുടെ നാവടപ്പിച്ച സംഭവം ഇന്ത്യയുടെ അഭിമാനമുയര്ത്തുന്നതുകൂടിയായിരുന്നു. കുംബ്ലെയുടെ ഈ ഗുണങ്ങളെക്കുറിച്ചെല്ലാം വ്യക്തമായ ബോധ്യം ബി.സി.സി.ഐയുടെ തലപ്പത്തിരിക്കുന്നവര്ക്കുണ്ട്. അതുകൊണ്ടാവണം മികച്ച കമന്റേറ്ററായ ശാസ്ത്രിയെ ആ ജോലി ചെയ്യാനനുവദിച്ച് കുബ്ലെയെ ഇന്ത്യന്‍ ടീമിന്റെ പരിശീലകനാക്കാന്‍ അവര്‍ തീരുമാനിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..