Photo: AP
ചെന്നൈ: തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ മുന്‍ ഇന്ത്യന്‍ താരം മുരളി വിജയിയെ പ്രകോപിപ്പിച്ച് ആരാധകര്‍. മുരളി വിജയ് ഫീല്‍ഡ് ചെയ്യുമ്പോള്‍ ദിനേശ് കാര്‍ത്തിക്കിന് ജയ് വിളിച്ചാണ് ആരാധകര്‍ മുരളിയെ ദേഷ്യം പിടിപ്പിച്ചത്.
തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ റൂബി ട്രിച്ചി വാരിയേഴ്‌സിന് വേണ്ടി ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു മുരളി വിജയ്. ഈ സമയം ആരാധകര്‍ 'ഡി.കെ.... ഡി.കെ....' എന്നുറക്കെ വിളിച്ച് താരത്തെ പ്രകോപിപ്പിച്ചു. ഇത് കേട്ട് അരിശം വന്ന മുരളി വിജയ് ബൗണ്ടറി ലൈനും പരസ്യ ബോര്‍ഡുകളും മറികടന്ന് കാണികളുടെ അടുത്തേക്ക് ദേഷ്യത്തോടെ പാഞ്ഞടുത്തു. കാണുകളുമായി കയര്‍ക്കുകയും ചെയ്തു.
ഒടുവില്‍ സുരക്ഷാ ജീവനക്കാര്‍ വന്ന് ഇടപെട്ടാണ് താരത്തെ തിരിച്ച് ഗ്രൗണ്ടിലേക്ക് വിട്ടത്. സംഭവത്തിന്റ വീഡിയോ ചുരുങ്ങിയ നിമിഷം കൊണ്ട് വൈറലായി.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരങ്ങളായ തമിഴ്‌നാടിന്റെ മുരളി വിജയിയും ദിനേശ് കാര്‍ത്തിക്കും അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാല്‍ കുറച്ചുകാലമായി ഇരുവരും അകല്‍ച്ചയിലാണ്. കാര്‍ത്തിക്കിന്റെ ഭാര്യ നികിതയുമായി മുരളി വിജയ് പ്രണയത്തിലായതിനെത്തുടര്‍ന്നാണ് താരങ്ങള്‍ തമ്മില്‍ അകന്നത്.
ഈ ബന്ധം ഏറെ വൈകിയറിഞ്ഞ കാര്‍ത്തിക്ക് നികിതയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി. നികിതയെ മുരളി വിജയ് വിവാഹം ചെയ്യുകയും ചെയ്തു. കാര്‍ത്തിക്കിന് വലിയ തിരിച്ചടിയാണ് ഈ സംഭവം സമ്മാനിച്ചത്. ഇതിന്റെ ഭാഗമായി താരത്തിന് ഫോം നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ സ്‌ക്വാഷ് താരം ദീപിക പള്ളിക്കലിനെ കല്യാണം കഴിച്ചതോടെ കാര്‍ത്തിക്ക് വീണ്ടും ഇന്ത്യന്‍ ടീമിലിടം നേടി.
നിലവില്‍ ഇന്ത്യയുടെ ട്വന്റി 20 ടീമിലെ അവിഭാജ്യ ഘടകവും ഫിനിഷറുമാണ് കാര്‍ത്തിക്ക്. മറുവശത്ത് മുരളി വിജയ് ടീമില്‍ നിന്ന് പുറത്തായി. രണ്ടുവര്‍ഷം ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്ന താരം ഈ സീസണിലാണ് ടി.എന്‍.പി.എല്ലിലൂടെ തിരിച്ചുവരവ് നടത്തിയത്.
കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് മുരളി വിജയിയെ ഇതേപോലെ ആരാധകര്‍ പ്രകോപിപ്പിച്ചിരുന്നു. അന്ന് ഇരുകൈയ്യും കൂപ്പി താരം ക്ഷമാപണം നടത്തിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..