കൊളംബോ: സിംബാബ്‌വെക്കെതിരായ നാണംകെട്ട തോല്‍വിക്ക് പിന്നാലെ എയ്ഞ്ചലോ മാത്യൂസ് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചു. പകരം ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി ദിനേശ് ചണ്ഡിമലിനെയും ഏകദിന, ടിട്വന്റി ക്യാപ്റ്റനായി ഉപുല്‍ തരംഗയെയും നിയമിച്ചു. 

സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരയില്‍ 3-2നാണ് ശ്രീലങ്ക പരാജയപ്പെട്ടത്. ഞെട്ടിക്കുന്ന തോല്‍വിയില്‍ നിന്ന് മുക്തനായിട്ടില്ലെന്നും തന്റെ കരിയറിലെ ഏറ്റവും മോശം പ്രകടനമായിരുന്നു അതെന്നും രാജിക്കത്ത് കൈമാറി എയ്ഞ്ചലോ മാത്യൂസ് വ്യക്തമാക്കി. എയ്ഞ്ചലോ മാത്യൂസിന്റെ രാജി സ്വീകരിച്ചതായി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് തിലംഗ സുമതിപാല വ്യക്തമാക്കി.

'കഴിഞ്ഞ കുറച്ചു മാസങ്ങളായി ശ്രീലങ്കന്‍ ടീമിന്റെ പരാജയം കണ്ടില്ലെന്ന് നടിക്കാന്‍ എനിക്കാവില്ല. തോല്‍വിയുടെ ഉത്തരവാദിത്തം ക്യാപ്റ്റനെന്ന നിലയില്‍ ഞാന്‍ ഏറ്റെടുക്കുകയാണ്. രണ്ടു വര്‍ഷത്തിന് ശേഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പിന് ടീമിനെ തയ്യാറെടുക്കുക എന്നത് ശ്രമകരമായ കാര്യമാണ്. അത് ക്രിക്കറ്റ് ബോര്‍ഡ് ഇപ്പൊഴേ തുടങ്ങണം. പുതിയ ക്യാപ്റ്റനെ ദൗത്യം ഏല്‍പ്പിക്കണം.' എയ്ഞ്ചലോ മാത്യൂസ് വ്യക്തമാക്കി.

ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാനുള്ള തീരുമാനം താന്‍ നേരത്തെ എടുക്കേണ്ടതായിരുന്നെന്നും ഉപുലിനും ചണ്ഡിമലിനും ടീമിനെ നയിക്കാനുള്ള കഴിവുണ്ടെന്ന് വിശ്വസിക്കുന്നതായും എയ്ഞ്ചലോ വ്യക്തമാക്കി. 

വെള്ളിയാഴ്ച്ച സിംബാബ്‌വെക്കെതിരെ നടക്കുന്ന ടെസ്റ്റില്‍ ദിനേശ് ചണ്ഡിമലായിരിക്കും ലങ്കയുടെ ക്യാപ്റ്റന്‍. സിംബാബ്‌വെക്കെതിരായ പരമ്പരയ്ക്ക് ശേഷം ജൂലായ് 26 മുതല്‍ ഇന്ത്യയുമായാകും ലങ്കയുടെ പോരാട്ടം. മൂന്ന് ടെസ്റ്റും അഞ്ചു ഏകദിനവും ഒരു ടിട്വന്റുയുമാണ് പരമ്പരയിലുള്ളത്.

1996ല്‍ ലോകചാമ്പ്യന്‍മാരായ ശ്രീലങ്ക നിലവില്‍ ഏകദിന റാങ്കിങ്ങില്‍ എട്ടാമതും ടെസ്റ്റില്‍ ഏഴാം റാങ്കിലുമാണ്. അടുത്ത ലോകകപ്പില്‍ നേരിട്ട് പ്രവേശനം ലഭിക്കണമെങ്കില്‍ ലങ്കയ്ക്ക് റാങ്കിങ്ങില്‍ മുന്നേറിയേ പറ്റൂ.