കൊളംബോ: ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തില്‍ നടന്ന 2011 ലോകകപ്പ് ഫൈനല്‍ സംഭവബഹുലം തന്നെയായിരുന്നു.

ടോസിലെ ആശയക്കുഴപ്പവും ജയവര്‍ധനെയുടെ സെഞ്ചുറിയും സച്ചിന്‍, സെവാഗ് എന്നിവരുടെ നേരത്തെയുള്ള പുറത്താകലും ബാറ്റിങ് ഓര്‍ഡറില്‍ ധോനിയുടെ സ്വയം പ്രൊമോഷനും ധോനി-ഗംഭീര്‍ കൂട്ടുകെട്ടും ഗംഭീറിന്റെ സെഞ്ചുറി നഷ്ടവും ഒടുവില്‍ വിജയം കുറിച്ച ധോനിയുടെ സിക്‌സറുമെല്ലാം ചേര്‍ന്നതായിരുന്നു ആ ഫൈനല്‍.

28 വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു അന്ന് ടീം ഇന്ത്യ ലോകകപ്പില്‍ മുത്തമിട്ടത്.  ഇപ്പോഴിതാ അന്നത്തെ ഫൈനലിനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെയ്ക്കുകയാണ് മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ഏയ്ഞ്ചലോ മാത്യൂസ്. പരിക്ക് കാരണം ലോകകപ്പ് ഫൈനലില്‍ മാത്യൂസ് കളിച്ചിരുന്നില്ല. ക്രിക്കറ്റ് അണ്‍പ്ലഗ്ഡ് എന്ന യൂട്യൂബ് ചാറ്റ് ഷോയിലാണ് മാത്യൂസ് അന്നത്തെ ഫൈനലിനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചത്. 

''2009, 2010 ട്വന്റി 20 ലോകകപ്പില്‍ കളിച്ചിരുന്നെങ്കിലും എന്റെ കരിയറിലെ ആദ്യത്തെ 50 ഓവര്‍ ലോകകപ്പായിരുന്നു അത് (2011). അതിനാല്‍ തന്നെ എന്നെ സംബന്ധിച്ച് ഏറെ പ്രത്യേകതയുള്ളതായിരുന്നു ആ ലോകകപ്പ്. പ്രത്യേകിച്ചും വളരെ പരിചിതമായ സാഹചര്യങ്ങളിലാണ് ഞങ്ങള്‍ കളിച്ചത്. മികച്ച ക്രിക്കറ്റ് കളിച്ചാണ് ഞങ്ങള്‍ ഫൈനലിലെത്തിയത്, ഫൈനലില്‍ പോലും നന്നായി കളിച്ചു. നിര്‍ഭാഗ്യമെന്നു പറയട്ടെ പരിക്ക് പറ്റിയ എനിക്ക് ഫൈനല്‍ കളിക്കാനായില്ല. സെമി ഫൈനലില്‍ ജയിച്ചതിനാല്‍ തന്നെ ഫൈനലിലും കളിക്കാന്‍ അതിയായി ആഗ്രഹിച്ചിരുന്നു. പേശികള്‍ക്കേറ്റ പരിക്കിനെ തുടര്‍ന്നുള്ള വേദന കാരണം രണ്ടാഴ്ചയോളം എനിക്ക് നടക്കാന്‍ പോലും സാധിച്ചിരുന്നില്ല. എനിക്ക് കളിക്കാനാകില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഡോക്ടര്‍മാര്‍ പറഞ്ഞിട്ടും ലങ്കന്‍ ടീമിനൊപ്പം എന്നെയും കൂട്ടി. ചെറിയൊരു സാധ്യതയെങ്കിലുമുണ്ടെങ്കില്‍ ടീമിലുള്‍പ്പെടുത്താമെന്ന പ്രതീക്ഷയെ തുടര്‍ന്നായിരുന്നു അത്. പക്ഷേ അതുണ്ടായില്ല.'' - മാത്യൂസ് പറഞ്ഞു.

''ഫൈനലില്‍ ഒരു 320 റണ്‍സെങ്കിലും നേടാനായിരുന്നെങ്കില്‍ ഇന്ത്യയുടെ കരുത്തുറ്റ ബാറ്റിങ് നിരയ്ക്ക് വെല്ലുവിളിയുയര്‍ത്താന്‍ സാധിക്കുമായിരുന്നു. ഇന്ത്യന്‍ വിക്കറ്റുകള്‍ റോഡ് പോലെ ഫ്‌ളാറ്റാണ്. ഒരു ബാറ്റ്‌സ്മാന്‍ നന്നായി കളിച്ച് തുടങ്ങിയാല്‍ അദ്ദേഹത്തെ പിടിച്ചുനിര്‍ത്തുക ഇവിടെ ബുദ്ധിമുട്ടാണ്. ഇന്ത്യയ്ക്കാണെങ്കില്‍ വമ്പന്‍ ബാറ്റിങ് നിരയുമാണ് ഉള്ളത്. അന്ന് ഞങ്ങള്‍ ഒരു 20-30 റണ്‍സ് പിറകിലായിപ്പോയി. എന്നിട്ടും ഞങ്ങള്‍ക്ക് ജയിക്കാനുള്ള അവസരമുണ്ടായിരുന്നു. പക്ഷേ ഗൗതം ഗംഭീറും വിരാട് കോലിയും ചേര്‍ന്നു നന്നായി ബാറ്റ് ചെയ്തു. പിന്നീട് ധോനി ചേര്‍ന്ന് മത്സരം മത്സരം അവസാനിപ്പിച്ചു. എല്ലാ തരത്തിലും വളരെ മികച്ച കളിയായിരുന്നു അത്.'' - മാത്യൂസ് കൂട്ടിച്ചേര്‍ത്തു.

ഈ ഫൈനല്‍ ഒത്തുകളിയായിരുന്നെന്ന ആരോപണവുമായി ഈയിടെ മുന്‍ ശ്രീലങ്കന്‍ കായികമന്ത്രി മഹിന്ദാനന്ദ അലുത്ഗാമേജ രംഗത്തെത്തിയതോടെ സംഭവം വിവാദമാകുകയും ചെയ്തിരുന്നു. ഇതില്‍ അന്വേഷണം നടത്താന്‍ ശ്രീലങ്കന്‍ കായിക മന്ത്രാലയം പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തുകയും ചെയ്തു.

ആരോപണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റനും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായിരുന്ന അരവിന്ദ ഡിസില്‍വ, ലങ്കന്‍ താരം ഉപുള്‍ തരംഗ, മുന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാര, മഹേള ജയവര്‍ധനെ എന്നിവരെ വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെ അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു.

Content Highlights: Angelo Mathews opened up on 2011 World Cup final