ആൻഡ്രൂ സൈമണ്ട്‌സിനൊപ്പം ലേഖകൻ
ഗ്രൗണ്ടിനകത്ത് എല്ലാം തികഞ്ഞ ഓള്‍റൗണ്ടറായിരുന്നു ആന്‍ഡ്രൂ സൈമണ്ട്‌സ്. രണ്ടായിരത്തിന്റെ തുടക്കംതൊട്ട് ഓസീസ് ടീം ക്രിക്കറ്റ് ലോകത്ത് സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയത് ആന്‍ഡ്രുവിന്റെ കൂടി മിടുക്കിലായിരുന്നു. അനായാസമായ സ്‌ട്രോക്ക് പ്ലേയായിരുന്നു ആന്‍ഡ്രുവെന്ന ബാറ്ററെ വേറിട്ട് നിര്‍ത്തിയത്. നിര്‍ണായക ഘട്ടത്തില്‍ എതിര്‍ ടീമിലെ ബാറ്റര്‍മാരെ കുഴക്കുന്ന സ്പിന്നര്‍, ഒട്ട്ഫീല്‍ഡില്‍ നിന്ന് കൃത്യമായി സ്റ്റംപിലേക്ക് ത്രോ ചെയ്യുന്ന ഫീല്‍ഡര്‍ എന്നീ നിലകളിലും ടീമിന് മുതല്‍ക്കൂട്ടായിരുന്നു.
വെളുത്തവര്‍ക്ക് ആധിപത്യം ഉണ്ടായിരുന്ന ഓസീസ് ടീമിലെ 'കളേര്‍ഡ്' മാനായിരുന്ന ആന്‍ഡ്രൂ. ഈ ഐഡന്റിറ്റി കൊണ്ടുതന്ന ചെറുപ്പത്തില്‍ വിവേചനങ്ങള്‍ നേരിടേണ്ടിയും വന്നിരുന്നു. പക്ഷെ അതിനെകുറിച്ചൊന്നും അത്രയ്ക്ക് വാചാലനായിരുന്നില്ല.
പ്രതിഭക്കൊത്ത് നീണ്ടുനില്‍ക്കാതെ പോയ കരിയറിനിടെ വിവാദങ്ങളുടെ പേരിലും അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞു. ആകാരം കൊണ്ട് പരുക്കനായ വ്യക്തിയെന്ന് മറ്റുള്ളവരെ തോന്നിച്ചിരുന്ന ആന്‍ഡ്രൂ എന്റെ വ്യക്തിപരമായ അനുഭവങ്ങളില്‍ വളരെ മാന്യമായി പെരുമാറുകയും തമാശകള്‍ പറഞ്ഞ് ഉറക്കെ ചിരിക്കുകയും ചെയ്തിരുന്ന മനുഷ്യനായിരുന്നു. അക്കാലത്ത് മാതൃഭൂമിക്ക് വേണ്ടി ഇന്ത്യ- ഓസ്‌ട്രേലിയ മല്‍സരങ്ങള്‍ നിരന്തരം കവര്‍ ചെയ്തിരുന്നതു കൊണ്ടു തന്നെ അദ്ദേഹവുമായി ഒരു വ്യക്തിബന്ധം സ്ഥാപിക്കാനും കഴിഞ്ഞിരുന്നു.
2006-ല്‍ ഇന്ത്യയില്‍ അരങ്ങേറിയ ഐസിസി ചാമ്പ്യന്‍സ് ട്രോഫി കവര്‍ ചെയ്യാന്‍ മൊഹാലിയില്‍ പോയപ്പോഴുണ്ടായ രസകരമായ സംഭവമാണ് പെട്ടെന്ന് മനസ്സിലേക്ക് വരുന്നത്. ഇന്ത്യയുടെ ആദ്യറൗണ്ട് മല്‍സരങ്ങളെല്ലാം മൊഹാലിയിലായിരുന്നു. അവിടെ ചെന്ന് ഗ്രൗണ്ടിന് തൊട്ടടുത്തുള്ള ഓണേഴ്‌സ് പ്രൈഡ് എന്ന ഹോട്ടലില്‍ മുറിയെടുത്തു. അപ്പോഴേ അവര്‍ പറഞ്ഞു എട്ട് ദിവസം നിങ്ങള്‍ക്കിവിടെ താമസിക്കാം. ഇന്ത്യ-ഓസ്‌ട്രേലിയ മല്‍സരത്തിന്റെ തലേന്ന് മുറിയൊഴിയണം. കാരണം ആ ദിവസങ്ങളിലേക്ക് നേരത്തെ പലരും ബുക്ക് ചെയ്തതാണ്. ഇന്ത്യയുടെ ആദ്യ മല്‍സരങ്ങള്‍ അവിടെ താമസിച്ച് തന്നെ കവര്‍ ചെയ്തു. ഓസ്‌ട്രേലിയയുടെ മല്‍സരത്തിന്റെ രണ്ട് ദിവസം മുമ്പ് ഹോട്ടലിന്റെ ഉടമ തന്നെ വന്ന് മുറിയൊഴിയാന്‍ ആവശ്യപ്പെട്ടു. സത്യത്തില്‍ അപ്പോള്‍ മൊഹാലിയില്‍ പോയിട്ട് അടുത്ത വലിയ നഗരമായ ചണ്ഡീഗഡില്‍ പോലും മുറി കിട്ടാനില്ലായിരുന്നു. ഞാന്‍ അപേക്ഷിച്ചു നോക്കിയെങ്കിലും ഹോട്ടല്‍ ഉടമ വഴങ്ങുന്നില്ല. ഒടുവില്‍ പക്ഷെ അയാള്‍ വിചിത്രമായ ഒരു നിബന്ധനം മുന്നോട്ടു വെച്ചു. ഇന്ത്യ-ഓസ്‌ട്രേലിയ മല്‍സരത്തിന്റെ ഒരു ടിക്കറ്റ് സംഘടിപ്പിച്ച് തന്നാല്‍ എത്ര ദിവസം വേണമെങ്കിലും അവിടെ താമസിക്കാം. അന്നത്തെ നിലക്ക് അസാധ്യമായ കാര്യമായിരുന്നു അത്.
Read More - വിടവാങ്ങിയത് ഓള്‍റൗണ്ടര്‍മാരിലെ ഓള്‍റൗണ്ടര്‍
അന്ന് വൈകീട്ട് ഞാന്‍ ഓസീസ് ടീം താമസിക്കുന്ന താജ് ഹോട്ടലില്‍ ചെന്നു. ഏതെങ്കിലും ഓസീസ് താരത്തിന്റെ എക്‌സ്‌ക്ലൂസ്സീവ് ഇന്റര്‍വ്യു സംഘടിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഹോട്ടലിന്റെ റെസ്‌റ്റോറന്റില്‍ വെച്ച് ആന്‍ഡ്രുവിനെ കണ്ടു. കുറച്ചു നേരം വിശേഷങ്ങള്‍ തിരക്കി. ഡിന്നര്‍ കഴിഞ്ഞ് എഴുന്നേല്‍ക്കുമ്പോള്‍ ഔപചാരികതയുടെ പേരില്‍ അദ്ദേഹം മുറിയിലേക്ക് ക്ഷണിച്ചു. അതു മുതലെടുത്ത് ഞാന്‍ പിന്നാലെ കൂടി. മുറിയിലെത്തിയപ്പോള്‍ വളരെ വിനയത്തോടെ ഒരു അഭിമുഖം ആവശ്യപ്പെട്ടു. ആന്‍ഡ്രൂ പറഞ്ഞു, 'ഞാന്‍ ഒരു റൂള്‍ ബ്രെയ്ക്ക് ചെയ്യേണ്ടിവരും. കാരണം മത്സരങ്ങള്‍ നടക്കുമ്പോള്‍ മീഡിയയുമായി സംസാരിക്കാന്‍ അനുവാദമില്ല. നിര്‍ബന്ധമാണെങ്കില്‍ ഞങ്ങളുടെ ടീം മാനേജറുടെ സമ്മതം വാങ്ങണം. 'അത് നടക്കുന്ന കാര്യമല്ലെന്ന് എനിക്കറിയാമായിരുന്നു. തിരിച്ചു പോരുന്നതിന് മുമ്പ് ഞാന്‍ ഇന്ത്യ-ഓസീസ് മല്‍സരത്തിനുള്ള പ്രാധാന്യത്തെ കുറിച്ച് സൂചിപ്പിച്ചു കൊണ്ട് ഞങ്ങളുടെ മുറിയൊഴിഞ്ഞു തരാന്‍ ഹോട്ടല്‍ ഉടമ ആവശ്യപ്പെട്ട കാര്യവും പറഞ്ഞു. അപ്പോള്‍ എന്നെ അദ്ഭുതപ്പെടുത്തി കൊണ്ട് ആന്‍ഡ്രൂ രണ്ട് വിഐപി പാസ്സുകള്‍ എടുത്തുതന്നു. കളിക്കാര്‍ക്ക് അനുവദിച്ചിരിക്കുന്ന ടിക്കറ്റുകളില്‍ നിന്നായിരുന്നു അത്.
ഹോട്ടലില്‍ തിരിച്ചെത്തി ടിക്കറ്റ് കൊടുത്തതോടെ തുടര്‍ന്ന് താമസിക്കാനുള്ള അനുവാദവും റൂം താരിഫില്‍ ഡിസ്‌ക്കൗണ്ടും തന്നു. ഈ സംഭവം ഞാന്‍ സുഹൃത്തായിരുന്ന മിഡ്‌ഡേ റിപ്പോര്‍ട്ടര്‍ ഉദയഭാനുവിനോട് പറഞ്ഞു. അടുത്ത ദിവസത്തെ പത്രത്തില്‍ അവനത് സ്‌പോര്‍ട്‌സ് പേജിലെ കൗതുക വാര്‍ത്തകളില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
ഇന്ത്യക്കെതിരായ മല്‍സരത്തില്‍ ആന്‍ഡ്രു ഉള്‍പ്പെട്ട ഓസീസ് ടീം അനായാസം ജയിച്ചു. അടുത്ത ദിവസം ഞാന്‍ വീണ്ടും അവരുടെ ഹോട്ടലില്‍ ചെന്നു, അഭിനന്ദിക്കാനും നന്ദി പറയാനുമായി ആന്‍ഡ്രുവിനെ കണ്ടു. അദ്ദേഹം പറഞ്ഞു, മത്സരം ജിയിച്ചതു കൊണ്ട് മീഡിയയുമായി സംസാരിക്കുന്ന കാര്യത്തില്‍ ഇളവുണ്ട്. അഞ്ചു ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ അദ്ദേഹം തയ്യാറായി. ഇന്റര്‍വ്യു കഴിഞ്ഞ് തിരിച്ചു പോരുമ്പോള്‍ ഞാന്‍ ഒപ്പം നിന്ന് പടമെടുത്തു. അതിനിടയില്‍ അദ്ദേഹത്തിന്റെ സ്പ്രിങ് പോലെ നീട്ടിവളര്‍ത്തിയ മുടിയില്‍ ഒന്നു പിടിച്ചു നോക്കാന്‍ അനുവാദം തേടി. ' വൈ നോട്ട്' എന്നായിരുന്നു മറുപടി. ഞാനങ്ങനെ ചെയ്തു, ആന്‍ഡ്രൂ പൊട്ടിച്ചിരിച്ചു.
സ്‌നേഹം തുളുമ്പുന്ന നല്ല ഓര്‍മകള്‍ ബാക്കിയാക്കി ആന്‍ഡ്രൂ യാത്രയായി. ഗുഡ് ബൈ ആന്‍ഡ്രൂ...
Content Highlights: andrew symonds shocking demise
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..