ലണ്ടൻ: ഇംഗ്ലണ്ട് ടീമിൽ കളിച്ചുകൊണ്ടിരുന്ന സമയത്ത് കെവിൻ പീറ്റേഴ്സന്റെ പ്രതിഭയെ വേണ്ടവിധത്തിൽ ഉപയോഗിക്കാനായിട്ടില്ലെന്ന് ആൻഡ്രൂ സ്ട്രോസ്. ക്രിക്കറ്റിൽ സജീവമായിരുന്ന സമയത്ത് പീറ്റേഴ്സണും ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡും നല്ല ബന്ധത്തിലായിരുന്നില്ല. പീറ്റേഴ്സണും സ്ട്രോസും തമ്മിലും പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിനെത്തുടർന്ന് പലപ്പോഴും ടീമിന് പുറത്തായിരുന്നു പീറ്റേഴ്സന്റെ സ്ഥാനം. എന്നാൽ ഇപ്പോൾ പണ്ടു സംഭവിച്ച തെറ്റുകൾ ഏറ്റുപറയുകയാണ് സ്ട്രോസ്.
'ടീം മാനേജ്മെന്റുമായുള്ള പ്രശ്നത്തിൽ നിരവധി തവണ പീറ്റേഴ്സൺ ടീമിന് പുറത്തായി. പലപ്പോഴും അദ്ദേഹത്തെ തഴഞ്ഞു. ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിലെ മറ്റു താരങ്ങൾക്കെല്ലാം അദ്ദേഹം പ്രിയപ്പെട്ടവനായിരുന്നു. അദ്ദേഹത്തിന്റെ ബാറ്റിങ് പ്രതിഭയെ വേണ്ടവിധത്തിൽ ഉപയോഗിക്കാനായില്ല. ലോകത്തെ മികച്ച താരങ്ങളെല്ലാം പങ്കെടുക്കുന്ന ഐ.പി.എൽ കളിക്കാൻ പീറ്റേഴ്സണെ വിസമ്മതിച്ചതിൽ എനിക്ക് സഹതാപമുണ്ടായിരുന്നു.' മുൻ ക്യാപ്റ്റനായ സ്ട്രോസ് വ്യക്തമാക്കി.
'ടെസ്റ്റ് ക്രിക്കറ്റ് ഒഴിവാക്കി താരങ്ങളെ ഐ.പി.എൽ കളിപ്പിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. അതു വളരെ അപകടം പിടിച്ചതാണ്. അങ്ങനെ അനുവദിച്ചാൽ ടെസ്റ്റ് ക്രിക്കറ്റിനേക്കാൾ പ്രധാനപ്പെട്ടതാണ് ഐ.പി.എൽ എന്ന ധ്വനി വരും.' സ്ട്രോസ് കൂട്ടിച്ചേർത്തു.
നിലവിൽ ഇംഗ്ലീഷ് ക്രിക്കറ്റ് അഡ്മിനിസ്‌ട്രേറ്ററായ സ്ട്രോസ് ഇംഗ്ലണ്ടിനായി 100 ടെസ്റ്റിൽ നിന്ന് 7037 റൺസും 127 ഏകദിനത്തിൽ നിന്ന് 4205 റൺസും നാല് ട്വന്റി-20യിൽ നിന്ന് 73 റൺസും നേടിയിട്ടുണ്ട്. 39-കാരനായ പീറ്റേഴ്സൺ 104 ടെസ്റ്റിൽ നിന്ന് 8181 റൺസും 136 ഏകദിനത്തിൽ നിന്ന് 4440 റൺസും 37 ട്വന്റി-20യിൽ നിന്ന് 1176 റൺസും നേടിയിട്ടുണ്ട്.
content highlights: Andrew Strauss On Kevin Pietersen Fallout