തുമ്പ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ആന്ധ്രാപ്രദേശിനെതിരേ ലീഡുറപ്പിച്ച് കേരളം. ആന്ധ്രയുടെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 254 റണ്‍സിനെതിരേ, കേരളം ഒരു വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെടുത്തു. 

ജലജ് സക്‌സേനയും (127 നോട്ടൗട്ട്), അരുണ്‍ കാര്‍ത്തിക്കും (56) ചേര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ട് 139 റണ്‍സെടുത്ത് കേരളത്തിന് മികച്ച അടിത്തറയൊരുക്കി. രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍ സക്‌സേനയ്ക്ക് കൂട്ടായി രോഹന്‍ പ്രേം (34*) ക്രീസിലുണ്ട്. 143 പന്തില്‍ 10 ബൗണ്ടറികളോടെയാണ് സക്‌സേന സെഞ്ചുറി പിന്നിട്ടത്. പിരിയാത്ത രണ്ടാം വിക്കറ്റില്‍ സക്‌സേനരോഹന്‍ പ്രേം സഖ്യം 88 റണ്‍സും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

തുമ്പ സെയ്ന്റ് സേവ്യേഴ്സ് ഗ്രൗണ്ടില്‍ എട്ടു വിക്കറ്റിന് 225 എന്നനിലയില്‍ ചൊവ്വാഴ്ച രാവിലെ ബാറ്റിങ് തുടര്‍ന്ന ആന്ധ്രാപ്രദേശിന് അവസാന രണ്ടുവിക്കറ്റുകളില്‍ 29 റണ്‍സേ കൂട്ടിച്ചേര്‍ക്കാനായുള്ളൂ. ഒമ്പതാം വിക്കറ്റില്‍ ഭണ്ഡാരു അയ്യപ്പയും (14) ഷോയ്ബ് മുഹമ്മദ് ഖാനും (18) ചേര്‍ന്ന് 21 റണ്‍സെടുത്തു. ഷോയ്ബിനെ മടക്കിക്കൊണ്ട് ബേസില്‍ തമ്പി കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ അയ്യപ്പയെ പുറത്താക്കിയ സന്ദീപ് വാര്യര്‍ ആന്ധ്രയുടെ ഇന്നിങ്സിന് തിരശ്ശീലയിട്ടു. കേരളത്തിനുവേണ്ടി കെ.സി. അക്ഷയ് 64 റണ്‍സിന് നാലുവിക്കറ്റും ബേസില്‍ തമ്പി 50 റണ്‍സിന് മൂന്നുവിക്കറ്റും എടുത്തു. 40 റണ്‍സിന് രണ്ടുവിക്കറ്റുമായി സന്ദീപ് വാര്യരും തിളങ്ങി.

കഴിഞ്ഞ സീസണില്‍ ഓപ്പണിങ്ങില്‍ പല കൂട്ടുകെട്ടും പരീക്ഷിച്ചെങ്കിലും മികച്ച സഖ്യത്തെ കണ്ടെത്താനായില്ല. ഇക്കുറി ആ പോരായ്മ പരിഹരിക്കാനാകുമെന്ന് അരുണ്‍ കാര്‍ത്തിക്-ജലജ് സക്‌സേന കൂട്ടുകെട്ട് തെളിയിച്ചു. 125 പന്ത് നേരിട്ട കാര്‍ത്തിക് എട്ട് ബൗണ്ടറികള്‍ സഹിതം 56 റണ്‍സടിച്ചപ്പോള്‍ ജലജിന്റെ ഇന്നിങ്സിന് വേഗം കൂടുതലായിരുന്നു. മൂന്നു സീസണുകളിലായി കേരളത്തിനൊപ്പമുള്ള മധ്യപ്രദേശ് ഓള്‍ റൗണ്ടര്‍ 217 പന്തില്‍ 11 ബൗണ്ടറികള്‍ സഹിതം 127 റണ്‍സെടുത്ത് പുറത്താകാതെനില്‍ക്കുന്നു. ഓപ്പണിങ് സഖ്യം മികച്ച തുടക്കം നല്‍കിയതോടെ പിന്നാലെയെത്തിയ രോഹന്‍ പ്രേമിനും ആത്മവിശ്വാസത്തോടെ ബാറ്റുവീശാനായി. 78 ഓവറില്‍ 2.9 ശരാശരിയില്‍ കേരളം 227 റണ്‍സ് അടിച്ചു.

ആദ്യമത്സരത്തില്‍ നന്നായി തുടങ്ങിയ കേരളത്തിന് മഴകാരണം ഹൈദരാബാദിനോട് സമനില വഴങ്ങേണ്ടിവന്നു. ഈ മത്സരം ഇന്നിങ്സ് ലീഡോടെ ജയിച്ചാല്‍ ടൂര്‍ണമെന്റില്‍ മുന്നോട്ടുള്ള യാത്ര സുഗമമാകും.

Content Highlights: andhra pradesh vs kerala ranji trophy match second day