ഗോൾ: ടെസ്റ്റ് ക്രിക്കറ്റില്‍ അപൂര്‍വമായ റെക്കോഡ് സ്വന്തമാക്കി ഇംഗ്ലണ്ടിന്റെ ഫാസ്റ്റ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍. ടെസ്റ്റ് ക്രിക്കറ്റില്‍ 30 തവണ അഞ്ചുവിക്കറ്റ് നേട്ടം നേടുന്ന രണ്ടാമത്തെ ഫാസ്റ്റ് ബൗളര്‍ എന്ന റെക്കോഡാണ് ആന്‍ഡേഴ്‌സണ്‍ സ്വന്തമാക്കിയത്. ന്യൂസീലന്‍ഡിന്റെ പേസര്‍ ഹാര്‍ഡ്‌ലിയാണ് (36) ഫാസ്റ്റ് ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാമത്. 

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിനിടെയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. മൊത്തം ബൗളര്‍മാരുടെ പട്ടികയില്‍ ഈ നേട്ടത്തിലെത്തുന്ന ആറാമത്തെ താരവുമാണ് ആന്‍ഡേഴ്‌സണ്‍. ഗല്ലെ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ശ്രീലങ്കന്‍ താരം നിരോഷന്‍ ഡിക്ക്വെല്ലയുടെ വിക്കറ്റ് വീഴ്ത്തിയാണ് ആന്‍ഡേഴ്‌സണ്‍ ചരിത്ര നേട്ടം സ്വന്തമാക്കിയത്. 29 തവണ അഞ്ചുവിക്കറ്റ് പ്രകടനം നേടിയ ഗ്ലെന്‍ മഗ്രാത്തിനെ ആന്‍ഡേഴ്‌സണ്‍ ഈ നേട്ടത്തോടെ മറികടന്നു.

മൊത്തം ബൗളര്‍മാരുടെ പട്ടികയില്‍ ഏറ്റവുമധികം അഞ്ചുവിക്കറ്റ് നേട്ടം കൈവരിച്ച താരം ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനാണ്. ഇന്ത്യന്‍ താരം അനില്‍ കുംബ്ലെ പട്ടികയില്‍ നാലാം സ്ഥാനത്തുണ്ട്. 

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ ഫാസ്റ്റ് ബൗളര്‍ എന്ന റെക്കോഡിനുടമയാണ് ആന്‍ഡേഴ്‌സണ്‍. 606 വിക്കറ്റുകളാണ് താരം ഇതുവരെ ഇംഗ്ലണ്ടിനായി വീഴ്ത്തിയത്. 600 വിക്കറ്റുകള്‍ വീഴ്ത്തുന്ന ആദ്യ പേസ് ബൗളറും ആന്‍ഡേഴ്‌സണാണ്. ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരില്‍ താരം നാലാം സ്ഥാനത്തുണ്ട്. മുത്തയ്യ മുരളീധരന്‍ (800), ഷെയ്ന്‍ വോണ്‍ (708), അനില്‍ കുംബ്ലെ (619) എന്നിവരാണ് ആന്‍ഡേഴ്‌സണ് മുന്നിലുള്ളത്. 

Content Highlights: Anderson becomes second pacer after Hadlee to pick 30 fifers in Tests