ദുബായ്:   ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം ആരാധകര്‍ക്ക് നല്‍കുന്ന ആവേശം ചെറുതല്ല. ക്രിക്കറ്റില്‍ ഇത്രയും ഓളമുണ്ടാക്കുന്ന മത്സരം വേറെയുണ്ടാകില്ല. ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-പാക് ഏഷ്യാ കപ്പ് പോരാട്ടത്തിലും ഈ ആവേശം കണ്ടു. ഇന്ത്യന്‍ ബൗളര്‍മാരുടെ മുന്നില്‍ കാലിടറി പാകിസ്താന്‍ എട്ടു വിക്കറ്റ് പരാജയം ഏറ്റുവാങ്ങിയപ്പോള്‍ ഒരിന്ത്യന്‍ താരം പാക് താരത്തിന് മുന്നില്‍ മുട്ടുകുത്തിയിരുന്നു. പക്ഷേ ആ മുട്ടുകുത്തലില്‍ ഇന്ത്യന്‍ താരം ഒരേസമയം ഇന്ത്യന്‍ ആരാധകരുടേയും പാക് ആരാധകരുടേയും ഹൃദയം കവര്‍ന്നു.

മത്സരത്തിനിടയിലെ മനോഹര നിമിഷങ്ങളിലൊന്നായിരുന്നു അത്. പാക് താരം ഉസ്മാന്‍ ഖാന്റെ ഷൂ ലെയ്‌സ് അഴിഞ്ഞതിനെ തുടര്‍ന്ന് അത് കെട്ടിക്കൊടുക്കുകയായിരുന്നു ഇന്ത്യന്‍ താരം യുസ്‌വേന്ദ്ര ചാഹല്‍. നിമിഷനേരത്തിനുള്ളില്‍ ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. പിന്നീട് ഇന്ത്യന്‍ താരത്തെ അഭിനന്ദിച്ചുള്ള പോസ്റ്റുകളായിരുന്നു നിറയെ.

പാക് ഇന്നിങ്‌സിന്റെ 42-ാം ഓവറിലാണ് സംഭവം. ഒമ്പത് വിക്കറ്റ് നഷ്ടമായ പാകിസ്താന്‍ ചെറിയ സ്‌കോറിന് പുറത്താകുന്നതിന്റെ വക്കിലായിരുന്നു. ഇതിനിടയില്‍ ക്രീസിലുണ്ടായിരുന്ന പാക് ബാറ്റ്‌സ്മാന്‍ ഉസ്മാന്‍ ഖാന്റെ ഷൂ ലെയ്‌സ് അഴിഞ്ഞു പോയി. ബോള്‍ ചെയ്യുകയായിരുന്ന ചാഹല്‍ ഉടന്‍ തന്നെ സഹായത്തിനെത്തി. ഇന്ത്യ-പാക് മത്സരത്തിലെ ഏറ്റവും മനോഹരമായ നിമിഷമെന്നാണ് ആരാധകര്‍ ഈ ചിത്രത്തെ വിശേഷിപ്പിച്ചത്.  

Content Highlights: An Indian Player Tied the Shoe Lace of a Pakistani Player On Field