
Photo: twitter.com/ICC
വെല്ലിങ്ടണ്‍: വെസ്റ്റ് ഇന്‍ഡീസിനെ 157 റണ്‍സിന് തകര്‍ത്ത് ഓസ്ട്രേലിയ വനിതാ ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍. സെമി ഫൈനലില്‍ ഓസീസ് ഉയര്‍ത്തിയ 306 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വെസ്റ്റ് ഇന്‍ഡീസ് 148 റണ്‍സിന് ഓള് ഔട്ടായി. സ്കോര്‍: ഓസ്ട്രേലിയ 45 ഓവറില്‍ മൂന്നിന് 305. വെസ്റ്റ് ഇന്‍ഡീസ് 37 ഓവറില്‍ 148 ന് ഓള് ഔട്ട്.
മഴമൂലം 45 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസ് തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. അലീസ ഹീലിയുടെ തകര്‍പ്പന്‍ സെഞ്ചുറിയാണ് ഓസീസ് ഇന്നിങ്സിലെ ഹൈലൈറ്റ്. ഓപ്പണറായ ഹീലി വെറും 107 പന്തുകളില്‍ നിന്ന് 17 ഫോറിന്റെയും ഒരു സിക്സിന്റെയും സഹായത്തോടെ 129 റണ്‍സെടുത്തു. ഓപ്പണിങ് വിക്കറ്റില്‍ റേച്ചല്‍ ഹെയ്നെസിനൊപ്പം 216 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്താനും ഹീലിയ്ക്ക് കഴിഞ്ഞു.
ഹെയ്നെസ് 100 പന്തുകളില്‍ നിന്ന് 85 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ കത്തിക്കയറിയ ബേത്ത് മൂണിയാണ് ഓസീസ് സ്കോര്‍ 300 കടത്തിയത്. മൂണി 43 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. വിന്‍ഡീസിനായി ചിനെല്ലെ ഹെന്റി രണ്ട് വിക്കറ്റെടുത്തു.
306 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ് ആരംഭിച്ച വിന്‍ഡീസിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ഓസീസ് ബൗളര്‍മാര്‍ മത്സരത്തില്‍ ആധിപത്യം പുലര്‍ത്തി. 48 റണ്‍സെടുത്ത നായിക സ്റ്റെഫാനി ടെയ്ലര് മാത്രമാണ് വിന്‍ഡീസ് നിരയില്‍ പിടിച്ചുനിന്നത്. 34 റണ്‍സ് നേടിയ ഹെയ്ലി മാത്യൂസും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഓസീസിനായി ജെസ്സ് ജൊനാസെന്‍ രണ്ട് വിക്കറ്റെടുത്തു.
2013 ന് ശേഷം ഇതാദ്യമായാണ് ഓസീസ് ഫൈനലിലെത്തുന്നത്. ആറുതവണ കിരീടം നേടിയ ഓസീസ് ഏഴാം കിരീടത്തിനായുള്ള തയ്യാറെടുപ്പിലാണ്. ഫൈനലില്‍ ദക്ഷിണാഫ്രിക്കയോ ഇംഗ്ലണ്ടോ ആയിരിക്കും ഓസീസിന്റെ എതിരാളി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..