ആന്റിഗ്വ: വനിത ട്വന്റി 20 ലോകകപ്പിലെ മികച്ചതാരത്തിനുള്ള പുരസ്‌കാരവുമായി ഓസ്ട്രേലിയയുടെ ഓപ്പണര്‍ അലിസ ഹീലി ഞായറാഴ്ച ക്വീന്‍സ്ലന്‍ഡിലെ വീട്ടിലെത്തുമ്പോള്‍ ലോകക്രിക്കറ്റിലെ ദമ്പതിമാര്‍ക്ക് അത് അപൂര്‍വ നേട്ടത്തിന്റെ ആഹ്ലാദമാകും. മൂന്നുവര്‍ഷം മുമ്പ് പുരുഷന്‍മാരുടെ ലോകകപ്പില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് നേടിയ 'മാന്‍ ഓഫ് ദി സീരീസ്' പുരസ്‌കാരം അതേ വീട്ടിലുണ്ട്.

ഓസ്ട്രേലിയയുടെ പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഭാര്യയാണ് അലിസ ഹീലി. ലോകകപ്പ് വിജയിക്കുന്ന ആദ്യ ദമ്പതിമാരായി സ്റ്റാര്‍ക്കും ഹീലിയും, ഒപ്പം ലോകകപ്പിലെ മികച്ചതാരമാകുന്ന അപൂര്‍വ ദമ്പതിമാരായി.

ഞായറാഴ്ച വിന്‍ഡീസില്‍ സമാപിച്ച വനിത ട്വന്റി 20 ലോകകപ്പില്‍ അഞ്ച് ഇന്നിങ്സില്‍ 225 റണ്‍സുമായി അലിസ ഹീലി ടൂര്‍ണമെന്റിലെ താരമായി. വിക്കറ്റ് കീപ്പറും ഓപ്പണറുമായ ഹീലി ഓസ്ട്രേലിയയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഇയാന്‍ ഹീലിയുടെ മരുമകളാണ്.

ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവില്‍ 2015-ലാണ് മിച്ചല്‍ സ്റ്റാര്‍ക്കും ഹീലിയും വിവാഹിതരായത്. 2015 ലോകകപ്പ് കഴിഞ്ഞ് തൊട്ടടുത്ത മാസം. ഓസ്ട്രേലിയയിലും ന്യൂസീലന്‍ഡിലുമായി നടന്ന ആ ലോകകപ്പില്‍ എട്ട് ഇന്നിങ്സില്‍ 22 വിക്കറ്റുമായി മിച്ചല്‍ സ്റ്റാര്‍ക്ക് ഓസ്ട്രേലിയയുടെ കിരീടവിജയത്തില്‍ പ്രധാന പങ്കുവഹിച്ചു. പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും നേടി.

സ്റ്റാര്‍ക്കിനും ഹീലിക്കും ഒരേ പ്രായം, 28 വയസ്സ്. ഒമ്പതാം വയസ്സില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായിട്ടാണ് സ്റ്റാര്‍ക്ക് ക്രിക്കറ്റ് കളിച്ചുതുടങ്ങിയത്. അന്ന് ഹീലിയും അവിടെ ക്രിക്കറ്റ് പരിശീലം നടത്തിയിരുന്നു. വിക്കറ്റ് കീപ്പിങ് വിട്ട് ബൗളിങ്ങിലേക്ക് കടന്നപ്പോഴും, കൂടെ കളിപഠിച്ച ഹീലിയെ കൈവിട്ടില്ല. ഇപ്പോഴും നന്നായി ബാറ്റുചെയ്യുന്ന സ്റ്റാര്‍ക് പേസ് ബൗളര്‍ ഓള്‍റൗണ്ടറായി അറിയപ്പെടുന്നു. ഇരുവരും 2010-ല്‍ ദേശീയടീമിലെത്തി.

Content Highlights: alyssa healy mitchell starc couple player of the tournament cricket world cup australia