ബ്രിസ്‌ബെയ്ന്‍: ട്വന്റി 20 ക്രിക്കറ്റില്‍ വിക്കറ്റിനു പിന്നിലെ എം.എസ് ധോനിയുടെ റെക്കോഡ് മറികടന്ന് ഓസ്‌ട്രേലിയന്‍ വനിതാ ടീം വിക്കറ്റ് കീപ്പര്‍ അലിസ്സ ഹീലി. ട്വന്റി 20-യില്‍ വിക്കറ്റിനു പിന്നില്‍ ഏറ്റവും കൂടുതല്‍ പുറത്താക്കലുകളെന്ന ധോനിയുടെ റെക്കോഡാണ് ഹീലി മറികടന്നത്.
98 രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് 54 ക്യാച്ചുകളും 37 സ്റ്റമ്പിങ്ങുകളുമടക്കം 91 പുറത്താക്കലുകളാണ് ധോനിയുടെ പേരിലുണ്ടായിരുന്നത്. ഇതാണ് ന്യൂസീലന്‍ഡിനെതിരേ നടന്ന രണ്ടാം ട്വന്റി 20 മത്സരത്തിനിടെ ഹീലി മറികടന്നത്. മത്സരത്തിനിടെ ഒരു ക്യാച്ചും ഒരു സ്റ്റമ്പിങ്ങും സ്വന്തമാക്കിയതോടെയാണ് ഹീലി ധോനിയെ പിന്നിലാക്കിയത്.
114 മത്സരങ്ങളില്‍ നിന്ന് 42 ക്യാച്ചുകളും 50 സ്റ്റമ്പിങ്ങുമായി ഹീലിയുടെ പേരില്‍ 92 പുറത്താക്കലുകളായി. ട്വന്റി 20-യിലെ ഏറ്റവും കൂടുതല്‍ പേരെ പുറത്താക്കിയ വിക്കറ്റ് കീപ്പര്‍മാരുടെ പട്ടികയില്‍ വനിതാ താരങ്ങളുടെ ആധിപത്യമാണ്. ആദ്യ അഞ്ചില്‍ ധോനി മാത്രമാണ് ഒരേയൊരു പുരുഷ താരം.
ഇംഗ്ലണ്ടിന്റെ സാറ ടെയ്ലര്‍ (74), ന്യൂസീലന്‍ഡിന്റെ റേച്ചല്‍ പ്രീസ്റ്റ് (72), വെസ്റ്റിന്‍ഡീസിന്റെ മെറിസ്സ അഗ്വിലെയ്റ (70) എന്നിവരാണ് മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍. ആറാംസ്ഥാനത്ത് വെസ്റ്റിന്‍ഡീസ് പുരുഷ ടീമിന്റെ വിക്കറ്റ് കീപ്പറായ ദിനേഷ് രാംദിനാണ് (63). 61 പുറത്താക്കലുകളുമായി ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ മുഷ്ഫിഖുര്‍ റഹീമാണ് തൊട്ടുപിന്നില്‍.
Content Highlights: Alyssa Healy breaks MS Dhoni T20 wicketkeeping record