മുംബൈ: 2011-ലെ ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യ വിജയിക്കാനായി ശ്രീലങ്ക ഒത്തുകളിച്ചുവെന്ന ആരോപണം മയപ്പെടുത്തി ലങ്കയുടെ മുൻ കായിക മന്ത്രി മഹീന്ദാനന്ദ അലുത്ഗമഗ. നേരത്തെ ഉന്നയിച്ച ആരോപണങ്ങൾ തന്റെ സംശയമാണെന്നും സംഭവത്തിൽ അന്വേഷണം വേണമെന്നുമാണ് അലുത്ഗമഗയുടെ പുതിയ നിലപാട്. നേരത്തെ അലുത്ഗമഗയുടെ ആരോപണങ്ങളിൽ ശ്രീലങ്കൻ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ പോലീസ് സംഘം മുൻ മന്ത്രിയുടെ മൊഴിയെടുക്കുകയും ചെയ്തു.

ഈ അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിലാണ് അലുത്ഗമഗ തന്റെ ആരോപണങ്ങൾ മയപ്പെടുത്തിയത്. അതേസമയം ഒത്തുകളി സംബന്ധിച്ച് 2011 ഒക്ടോബർ 30-ന് ഐ.സി.സിക്ക് നൽകിയ പരാതിയുടെ പകർപ്പ് പോലീസ് സംഘത്തിന് അലുത്ഗമഗ കൈമാറിയിട്ടുണ്ട്.

ശ്രീലങ്ക 2011 ലോകകപ്പ് കളിക്കുമ്പോൾ കായിക മന്ത്രിയായിരുന്ന അലുത്ഗമഗയുടെ ആരോപണം ലങ്കൻ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയിരുന്നു. തുടർന്ന് കുമാർ സംഗക്കാരയും മഹേള ജയവർധനെയും മന്ത്രിക്കെതിരേ രംഗത്തെത്തുകയും ചെയ്തു. അഴിമതിവിരുദ്ധ അന്വേഷണത്തിനായി തെളിവുകൾ ഹാജരാക്കണമെന്ന് അലുത്ഗമഗയോട് സംഗക്കാര ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് അടുത്തോ എന്നായിരുന്നു പരിഹാസര രൂപത്തിൽ ജയവർധനയുടെ പ്രതികരണം.

2011 ഏപ്രിലിൽ നടന്ന ലോകകപ്പ് ഫൈനലിൽ ഇന്ത്യ 10 പന്ത് ശേഷിക്കെ ആറു വിക്കറ്റിനാണ് വിജയിച്ചത്. 275 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

content highlights: Aluthgamage calls 2011 WC final sold claim as his suspicion