Photo: twitter.com|ICC
ഗ്രോസ് ഐലറ്റ്: ആവേശകരമായ നാലാം ട്വന്റി 20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ നാലുറണ്‍സിന് കീഴടക്കി ആശ്വാസ വിജയം സ്വന്തമാക്കി ഓസ്‌ട്രേലിയ. 75 റണ്‍സും മൂന്നു വിക്കറ്റും വീഴ്ത്തിയ മിച്ചല്‍ മാര്‍ഷിന്റെ കരുത്തിലാണ് ഓസ്‌ട്രേലിയ പരമ്പരയിലെ ആദ്യ വിജയം സ്വന്തമാക്കിയത്. ആദ്യത്തെ മൂന്ന് മത്സരങ്ങളിലും വിജയിച്ച വിന്‍ഡീസ് പരമ്പര നേരത്തേ സ്വന്തമാക്കിയിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തു. 44 പന്തുകളില്‍ നിന്നും നാലു ഫോറുകളുടെയും ആറ് സിക്‌സുകളുടെയും അകമ്പടിയോടെ 75 റണ്‍സെടുത്ത് വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച മിച്ചല്‍ മാര്‍ഷിന്റെ മികവിലാണ് ഓസിസ് കൂറ്റന്‍ സ്‌കോര്‍ പണിതുയര്‍ത്തിയത്. 37 പന്തുകളില്‍ നിന്നും 53 റണ്‍സെടുത്ത നായകന്‍ ആരോണ്‍ ഫിഞ്ചും മികച്ച പ്രകടനം പുറത്തെടുത്തു. ഇരുവരും ചേര്‍ന്ന് 114 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
വിന്‍ഡീസ് ബൗളര്‍മാരെല്ലാം കണക്കിന് തല്ലുവാങ്ങിയപ്പോള്‍ നാലോവറില്‍ വെറും 27 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്നുവിക്കറ്റെടുത്ത ഹെയ്ഡന്‍ വാള്‍ഷ് മികച്ച പ്രകടനം പുറത്തെടുത്തു.
190 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ സിമ്മണ്‍സും എവിന്‍ ലൂയിസും ചേര്‍ന്ന് നല്‍കിയത്. ഇരുവരും 4.5 ഓവറില്‍ 61 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 48 പന്തുകളില്‍ നിന്നും പന്ത് ബൗണ്ടറികളുടെയും രണ്ട് സിക്‌സുകളുടെയും അകമ്പടിയോടെ 72 റണ്‍സെടുത്ത സിമ്മണ്‍സാണ് വിന്‍ഡീസിന്റെ ടോപ്‌സ്‌കോറര്‍. 31 റണ്‍സെടുത്ത എവിന്‍ ലൂയിസും 29 റണ്‍സ് നേടിയ ഫാബിയാന്‍ അലനും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ അവസാന ഓവറില്‍ വെസ്റ്റ് ഇന്‍ഡീസിന് വിജയിക്കാന്‍ വെറും 11 റണ്‍സ് മതിയായിരുന്നു. അപകടകാരിയായ ആന്ദ്രെ റസ്സലായിരുന്നു ക്രീസില്‍. വിന്‍ഡീസ് അനായാസ വിജയം നേടുമെന്ന് തോന്നിച്ചെങ്കിലും അവിശ്വനീയമായി പന്തെറിഞ്ഞ സ്റ്റാര്‍ക്ക് 20-ാം ഓവറിലെ ആദ്യ അഞ്ചു പന്തുകളിലും റണ്‍സ് വഴങ്ങിയില്ല. റസ്സലിനെ കാഴ്ചക്കാരനാക്കി സ്റ്റാര്‍ക്ക് അവസാന ഓവറില്‍ കൊടുങ്കാറ്റായി. അവസാന പന്തില്‍ സിക്‌സ് നേടിയെങ്കിലും ഓസിസ് വിജയമുറപ്പിച്ചിരുന്നു.
ഓസിസിനായി ഓള്‍റൗണ്ട് പ്രകടനം കാഴ്ചവെച്ച മിച്ചല്‍ മാര്‍ഷ് ബാറ്റിങ്ങിനോടൊപ്പം ബൗളിങ്ങിലും തിളങ്ങി. നാലോവറില്‍ വെറും 24 റണ്‍സ് മാത്രം വിട്ടുനല്‍കി താരം മൂന്നുവിക്കറ്റ് വീഴ്ത്തി. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ഓള്‍റൗണ്ട് പ്രകടനമാണിത്. ആദം സാംപ രണ്ടുവിക്കറ്റെടുത്തപ്പോള്‍ ശേഷിച്ച വിക്കറ്റ് മെറെഡിത്ത് സ്വന്തമാക്കി.
Content Highlights: All rounder Mitchell Marsh shine as Australia beat West Indies in fourth T20I
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..