ഓവല്‍: ഇംഗ്ലീഷ് ജഴ്‌സിയില്‍ ഇനി അലെസ്റ്റയര്‍ കുക്കുണ്ടാകില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച കുക്കിന് ഓവലില്‍ ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റ് കരിയറിലെ അവസാന മത്സരമാണ്. കുക്കിന്റെ അവസാന മത്സരം ഇന്ത്യന്‍ താരങ്ങള്‍ അവിസ്മരണീയമാക്കുന്ന കാഴ്ച്ചയാണ് ഓവലില്‍ കണ്ടത്.
ഓപ്പണറായി ആദ്യ ഇന്നിങ്‌സിനിറങ്ങിയ കുക്കിന് ഇന്ത്യന്‍ താരങ്ങള്‍ ചേര്‍ന്ന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. ഇംഗ്ലീഷ് ആരാധകരും ഇന്ത്യന്‍ ആരാധകരും എഴുന്നേറ്റുനിന്ന് നിറകൈയടിയോടെ കുക്കിന് ക്രീസിലേക്ക് ആനയിച്ചു.
ഓവല്‍ ടെസ്റ്റിന് ശേഷം വിരമിക്കുമെന്ന് കുക്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 12 വര്‍ഷം നീണ്ടു നിന്ന കരയറിനൊടുവിലാണ് ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ അരങ്ങൊഴിയുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇംഗ്ലീഷ് താരത്തെ ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓപ്പണര്‍മാരില്‍ ഒരാളെന്നായിരുന്നു ജോ റൂട്ട് വിശേഷിപ്പിച്ചത്. ടോസിനിടെയായിരുന്നു ജോ റൂട്ടിന്റെ പ്രതികരണം.
കുക്കിന്റെ പേരില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പന്ത്രണ്ടായിരത്തിലധികം റണ്‍സുണ്ട്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ ആറാമതാണ് ഇംഗ്ലീഷ് ഓപ്പണര്‍.
What a reception! 👨🍳https://t.co/IroJonUcBW#ThankYouChef #EngvInd pic.twitter.com/DqsOjr5sQ2
— England Cricket (@englandcricket) September 7, 2018
Content Highlights: Alastair Cook Receives Guard Of Honour From Team India In Farewell Test