ഓവല്‍: വിടവാങ്ങല്‍ ടെസ്റ്റില്‍ സെഞ്ചുറിയടിച്ച് റെക്കോഡ് ബുക്കില്‍ ഇടംനേടിയതിനു പിന്നാലെ അലെസ്റ്റര്‍ കുക്കിനെ ഞെട്ടിച്ച് മാധ്യമപ്രവര്‍ത്തകരുടെ സമ്മാനം.
ടെസ്റ്റ് കരിയറിലെ 33-ാം സെഞ്ചുറി കുറിച്ച കുക്കിന് 33 ബിയര്‍ ബോട്ടിലുകള്‍ സമ്മാനമായി നല്‍കിയാണ് മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ സ്‌നേഹം അറിയിച്ചത്. കുക്ക് ടെസ്റ്റില്‍ ഇംഗ്ലണ്ടിനായി നേടിയ 33 സെഞ്ചുറികള്‍ക്ക് പ്രതീകാത്മകമായാണ് ഇത്തരമൊരു സമ്മാനം നല്‍കിയതെന്ന് മാധ്യമപ്രവര്‍ത്തകര്‍ വ്യക്തമാക്കി.
ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിവസത്തെ കളി അവസാനിച്ച ശേഷം വാര്‍ത്താസമ്മേളനത്തിയപ്പോഴാണ് ബിയര്‍ പ്രേമിയായ കുക്കിന് മാധ്യമപ്രവര്‍ത്തകര്‍ ഈ സമ്മാനം നല്‍കിയത്. രാജ്യത്തിനായുള്ള കുക്കിന്റെ സംഭാവനകളെല്ലാം വിലമതിക്കാനാവാത്തതാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു.
Alastair Cook Presented With 33 Beer Bottles by British Media as Farewell Gift to Celebrate His 33rd Hundred (Watch Video) #AlastairCook #BeerBottlesFift #FarewellGifttoAlastairCook #INDvsENG #ENGvIND #Cricket https://t.co/qy4weVKJFH
— LatestLY (@latestly) September 11, 2018
കളിക്കാരനെന്ന നിലയിലും നായകനെന്ന നിലയിലും താങ്കള്‍ കഴിഞ്ഞ 12 വര്‍ഷ കാലയളവില്‍ ഇംഗ്ലണ്ടിനായി ചെയ്ത എല്ലാകാര്യങ്ങള്‍ക്കും തങ്ങള്‍ അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായി അവര്‍ വ്യക്തമാക്കി.
കുക്കുമായുള്ള ഇടപെടലുകള്‍ വളരെ മികച്ചതായിരുന്നുവെന്നും മാധ്യമപ്രവര്‍ത്തകരിലൊരാള്‍ പറഞ്ഞു. അനേകം വിജയങ്ങള്‍ ഇംഗ്ലണ്ടിനായി താങ്കള്‍ നേടിത്തന്നു. കളിയിലെ ഉയര്‍ച്ചതാഴ്ച്ചകളിലെല്ലാം താങ്കള്‍ അത് നല്ല രീതിയില്‍ തന്നെ കൈകാര്യം ചെയ്തുവെന്നും മാധ്യമപ്രവര്‍ത്തകന്‍ വ്യക്തമാക്കി.
ഇതിനെല്ലാമായാണ് തങ്ങളുടെ ഈ എളിയ സമ്മാനം. ഒരിക്കല്‍ ഡിന്നറിന് പുറത്തുപോയപ്പോള്‍ താങ്കള്‍ പറഞ്ഞു, വൈനിനേക്കാള്‍ ഇഷ്ടം ബിയര്‍ ആണെന്ന്. അതുകൊണ്ട് 33 ബിയര്‍ കുപ്പികള്‍ സമ്മാനമായി നല്‍കുകയാണ്. ഓരോ കുപ്പിയിലും ഒരോ മാധ്യമപ്രവര്‍ത്തന്റെ വകയായും ഒരു സന്ദേശമുണ്ടായിരിക്കുമെന്നും മാധ്യമപ്രവര്‍ത്തകരിലൊരാള്‍ പറഞ്ഞു.
അഞ്ചാം ടെസ്റ്റിലെ സെഞ്ചുറിയോടെ അരങ്ങേറ്റ ടെസ്റ്റിലും വിടവാങ്ങല്‍ ടെസ്റ്റിലും സെഞ്ചുറി നേടുന്ന അഞ്ചാമത്തെ താരമായി അദ്ദേഹം. ഓസ്ട്രേലിയയുടെ റെഗ്ഗി ഡഫ്, ബില്‍ പോണ്‍സ്ഫോഡ്, ഗ്രെഗ് ചാപ്പല്‍ ഇന്ത്യയുടെ മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവര്‍ക്കു ശേഷം ഈ പട്ടികയില്‍ ഇടംപിടിക്കുന്നയാളാണ് കുക്ക്.
മാത്രമല്ല രണ്ടാം ഇന്നിങ്സില്‍ 76 റണ്‍സ് നേടിയതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ എക്കാലത്തെയും മികച്ച റണ്‍സ് സ്‌കോറര്‍മാരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് കയറാനും കുക്കിനായി. കുമാര്‍ സംഗക്കാരയെ മറികടന്നാണ് കുക്ക് അഞ്ചാമതെത്തിയത്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ (15,921), റിക്കി പോണ്ടിങ് (13,378), ജാക്ക് കാലിസ് (13,289), രാഹുല്‍ ദ്രാവിഡ് (13,288) എന്നിവരാണ് കുക്കിന് മുന്‍പിലുള്ളത്. 161 ടെസ്റ്റുകളില്‍ നിന്നായി കുക്കിനിപ്പോള്‍ 12,472 റണ്‍സായി. മാത്രമല്ല കുക്കും ഭാര്യ ആലീസും തങ്ങളുടെ തങ്ങളുടെ മൂന്നാമത്തെ കുഞ്ഞിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്.
Content Highlights: alastair cook gifted 33 beer bottles by english media