ഓവല്‍: ക്രിക്കറ്റ് മൈതാനത്ത് എന്നും മാന്യതയുടെ പര്യായമായിരുന്നു ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ അലെസ്റ്റര്‍ കുക്ക്. പലര്‍ക്കും മാത്യകയാക്കാവുന്ന താരം. എന്നാല്‍ ബാറ്റിങ്ങിലേക്കെത്തുമ്പോള്‍ അദ്ദേഹം ഒരു ഭീകരനാണ്. റണ്‍സും സെഞ്ചുറികളും എത്തിപ്പിടിക്കാന്‍ വ്യഗ്രത കാണിക്കുന്ന ഒരു ഭീകരന്‍.
ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്ററുടെ റെക്കോഡുകള്‍ കുക്ക് മറികടക്കുമെന്ന് പേടിച്ച ഇന്ത്യക്കാര്‍ നിരവധിയാണ്. അത്രയ്ക്ക് പ്രതിഭാധനനായ കളിക്കാരനായിരുന്നു അദ്ദേഹം. ഇപ്പോഴിതാ ഇന്ത്യയ്‌ക്കെതിരായ അവസാന ടെസ്റ്റിനു ശേഷം ക്രിക്കറ്റ് പിച്ചിനോട് വിടപറയാനൊരുങ്ങുകയാണ് കുക്ക്. സമീപകാലത്തെ മോശം ഫോമാണ് അദ്ദേഹത്തെ ക്രിക്കറ്റ് ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചത്. 2010-നു ശേഷം ആദ്യമായാണ് കുക്കിന്റെ ബാറ്റിങ് ശരാശരി 45-ല്‍ താഴെ വരുന്നത്.
2006-ല്‍ ഇന്ത്യയ്ക്കെതിരെ നാഗ്പൂരിലായിരുന്നു കുക്കിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റം. ആദ്യ ടെസ്റ്റില്‍ തന്നെ സെഞ്ചുറിയടിച്ച് തുടങ്ങിയ താരം. ഇന്ത്യക്ക് സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്താണോ ഇംഗ്ലണ്ടിനെ സംബന്ധിച്ചിടത്തോളം ഏതാണ്ട് അതേ സ്ഥാനമാണ് കുക്കിന്. ആ സച്ചിന്റെ തന്നെ റെക്കോഡുകള്‍ പലതും തിരുത്തിക്കുറിക്കുന്നതിനു മുന്‍പാണ് കുക്കിന്റെ വിടവാങ്ങല്‍.
എന്നാല്‍ റെക്കോഡുകളുടെ കാര്യത്തില്‍ കുക്കും ഒട്ടും പുറകിലല്ല. അദ്ദേഹത്തിന്റെ പേരിലുള്ള വിവിധ റെക്കോഡുകളെ കുറിച്ചറിയാം.
1. ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ റണ്‍സ്
ടെസ്റ്റില്‍ 32 സെഞ്ചുറികളും 56 അര്‍ധ സെഞ്ചുറികളും അടക്കം 12,254 റണ്‍സാണ് കുക്കിന്റെ സമ്പാദ്യം. 1420 ഫോറുകള്‍ അടിച്ചുകൂട്ടിയ കുക്കിന് പക്ഷേ വെറും 11 സിക്സറുകള്‍ മാത്രമേയുള്ളൂ. ഇംഗ്ലണ്ടിനായി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് കുക്ക്. ഗ്രഹാം ഗൂച്ചിന്റെ 89,000 റണ്‍സ് എന്ന റെക്കോഡ് കുക്ക് 2015-ല്‍ തന്നെ മറികടന്നിരുന്നു.
2. കൂടുതല്‍ റണ്‍സ് നേടിയവരില്‍ ആറാം സ്ഥാനത്ത്
ടെസ്റ്റ് ക്രിക്കറ്റില്‍ എക്കാലത്തെയും മികച്ച റണ്‍സ് സ്‌കോറര്‍മാരില്‍ ഇപ്പോള്‍ ആറാം സ്ഥാനത്താണ് കുക്ക്. കഴിഞ്ഞ ഡിസംബറില്‍ ബ്രയാന്‍ ലാറയെ മറികടന്നാണ് കുക്ക് ആറാം സ്ഥാനത്തേക്ക് കയറിയത്. ഇന്ത്യക്കെതിരായ അവസാന ടെസ്റ്റില്‍ 147 റണ്‍സ് നേടിയാല്‍ കുക്കിന് കുമാര്‍ സംഗക്കാരയെ മറികടന്ന് അഞ്ചാംസ്ഥാനത്തേക്ക് കയറാം. സച്ചിന്‍ തെണ്ടുല്‍ക്കര്‍ (15,921), റിക്കി പോണ്ടിങ് (13,378), ജാക്ക് കാലിസ് (13,289), രാഹുല്‍ ദ്രാവിഡ് (13,288), കുമാര്‍ സംഗക്കാര (12,400) എന്നിവരാണ് കുക്കിന് മുന്‍പിലുള്ളത്.
3. റണ്‍സ് ക്ലബ്ബുകളിലെ പ്രായം കുറഞ്ഞ താരം
ഇംഗ്ലണ്ടിനായി ടെസ്റ്റില്‍ 2000, 3000, 4000, 5000, 6000 റണ്‍സ് കണ്ടെത്തിയ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് കുക്ക്. ടെസ്റ്റ് ചരിത്രത്തില്‍ 6000, 7000, 8000, 9000, 10000, 11000, 12000 റണ്‍സ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരവും കുക്ക് തന്നെയാണ്.
4. കൂടുതല്‍ സെഞ്ചുറികള്‍
32 ടെസ്റ്റ് സെഞ്ചുറികള്‍ നേടിയ കുക്കാണ് ഇംഗ്ലണ്ടിനായി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ താരം. ലോകക്രിക്കറ്റില്‍ ടെസ്റ്റ് സെഞ്ചുറികളുടെ എണ്ണത്തില്‍ പത്താം സ്ഥാനമാണ് കുക്കിന്. കുക്കിന്റെ അരങ്ങേറ്റത്തിനു ശേഷം ഇംഗ്ലണ്ട് താരങ്ങള്‍ ഒന്നാകെ 163 സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. അതില്‍ അഞ്ചിലൊന്നും കുക്കിന്റെ അക്കൗണ്ടിലാണ്.
5. തുടര്‍ച്ചയായി മത്സരങ്ങള്‍
2006-ല്‍ അരങ്ങേറ്റത്തിനു ശേഷം ഇന്ത്യയ്ക്കെതിരായ ഓവല്‍ ടെസ്റ്റ് വരെ ഒരേയൊരു മത്സരം മാത്രമാണ് കുക്കിനെ കൂടാതെ ഇംഗ്ലണ്ട് കളിച്ചിട്ടുള്ളത്. 2006-ലെ അരങ്ങേറ്റ പരമ്പരയിലെ മൂന്നാം മത്സരത്തില്‍ വയറിന് അസുഖം പിടിപെട്ടതുമൂലം കുക്കിന് കളിക്കാനായില്ല. അവിടുന്നിങ്ങോട്ട് തുടര്‍ച്ചയായി 158 ടെസ്റ്റ് മത്സരങ്ങളാണ് കുക്ക് കളിച്ചത്. 161-ാം മത്സരം ഇപ്പോള്‍ ഇന്ത്യയ്‌ക്കെതിരെ.
6. ഓപ്പണറായി കൂടുതല്‍ മത്സരങ്ങള്‍
ക്രിക്കറ്റ് ചരിത്രത്തില്‍ ടെസ്റ്റില്‍ ഓപ്പണറായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ചതിന്റെ റെക്കോഡും കുക്കിന്റെ പേരിലാണ്.
7. ഓപ്പണറായി കൂടുതല്‍ റണ്‍സ്
ടെസ്റ്റില്‍ ഓപ്പണറായി ഇറങ്ങി ഏറ്റവും കൂടുതല്‍ റണ്‍സ് (11,698) നേടിയ താരമെന്ന റെക്കോഡും കുക്കിന്റെ പേരിലാണ്. ഇന്ത്യയുടെ സുനില്‍ ഗവാസ്‌ക്കറെയാണ് (9607) കുക്ക് പിന്നിലാക്കിയത്.
8. കൂടുതല്‍ 150 റണ്‍സ്
ഇംഗ്ലണ്ടിനായി കൂടുതല്‍ തവണ 150-ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്തതിന്റെ റെക്കോഡും കുക്കിന്റെ പേരിലാണ്. 11 തവണയാണ് കുക്ക് 150 റണ്‍സിലേറെ ഇംഗ്ലണ്ടിനായി സ്‌കോര്‍ ചെയ്തത്.
content highlights: alastair cook extraordinary career records