മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ബൗളിങ്ങിന് മുന്നില്‍ വന്‍മതില്‍ തീര്‍ത്ത് ഇംഗ്ലണ്ട് ഓപ്പണര്‍ അലെസ്റ്റയര്‍ കുക്ക്. ഇരട്ടസെഞ്ചുറിയുമായി പുറത്താകാതെ നില്‍ക്കുന്ന കുക്കിന്റെ മികവില്‍ ഇംഗ്ലണ്ട് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 164 റണ്‍സ് ലീഡ് നേടി. 

രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം കളി തുടങ്ങിയ ഇംഗ്ലണ്ട് 299 റണ്‍സ് കൂടിയാണ് സ്‌കോര്‍ബോര്‍ഡിനോട് കൂട്ടിച്ചേര്‍ത്തത്. ഒരറ്റത്ത് വിക്കറ്റുകള്‍ വീണപ്പോഴും മറുവശത്ത് കുക്ക് പിടിച്ചു നില്‍ക്കുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ജോ റൂട്ട് മാത്രമാണ് കുക്കിന് പിന്തുണ നല്‍കിയത്. 133 പന്തില്‍ 61 റണ്‍സടിച്ച കുക്കിനെ കുമ്മിന്‍സ് പുറത്താക്കിയതോടെ ആ കൂട്ടുകെട്ടും പൊളിഞ്ഞു. 

409 പന്തില്‍ 27 ഫോറിന്റെ അകമ്പടിയോടെ  കുക്ക് 244 റണ്‍സ് നേടിക്കഴിഞ്ഞു. അവശേഷിക്കുന്ന ഒരു വിക്കറ്റ് പിടിച്ചുനിര്‍ത്താനായാല്‍ കുക്കിന് നാലാം ദിനം ട്രിപ്പിള്‍ സെഞ്ചുറി സ്വന്തമാക്കാം. റണ്ണൊന്നുമെടുക്കാതെ ജെയിംസ് ആന്‍ഡേഴ്‌സണാണ് കുക്കിനൊപ്പം ക്രീസില്‍. ഹെയ്‌സെല്‍വുഡ്, ലിയോണ്‍,കുമ്മിന്‍സ്് എന്നിവര്‍ ഓസീസിനായി മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.

ഓഗസ്റ്റില്‍ വിന്‍ഡീസിനെതിരായ പരമ്പരയിലും കുക്ക് ഇരട്ടസെഞ്ചുറി കണ്ടെത്തിയിരുന്നു. അന്ന് 243 റണ്‍സാണ് ഹോം ഗ്രൗണ്ടില്‍ കുക്ക് നേടിയത്. 2011ല്‍ ഇന്ത്യക്കെതിരെ എഡ്ജ്ബാസ്റ്റണില്‍ നേടിയ 294 റണ്‍സാണ് കുക്കിന്റെ കരിയറിലെ ഏറ്റവുമുയര്‍ന്ന് സ്‌കോര്‍.

നേരത്തെ ഓസ്ട്രേലിയ സെഞ്ചുറി നേടിയ ഡേവിഡ് വാര്‍ണറുടെയും അര്‍ധസെഞ്ചുറി അടിച്ച സ്റ്റീവന്‍ സ്മിത്തിന്റെയും ഷോണ്‍ മാര്‍ഷിന്റെയും മികവിലാണ് 327 റണ്‍സ് അടിച്ചെടുത്തത്. രണ്ടാം ദിനം മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 244 റണ്‍സെന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ ഓസ്ട്രേയയ്ക്ക് കൂറ്റന്‍ സ്‌കോറിലെത്താനുള്ള അവസരമുണ്ടായിരുന്നു.

എന്നാല്‍ ഓസ്ട്രേലിയന്‍ വാലറ്റത്തെ തകര്‍ത്ത് സ്റ്റുവര്‍ട്ട് ബ്രോഡ് ഓസ്ട്രേലിയയെ കൂറ്റന്‍ സ്‌കോറില്‍ നിന്നും തടഞ്ഞു. ബ്രോഡ് നാല് വിക്കറ്റെടുത്തപ്പോള്‍ ആന്‍ഡേഴ്സണ്‍ മൂന്നും വോക്ക്സ് രണ്ടും വിക്കറ്റ് വീഴ്ത്തി. 

ഭാഗ്യത്തിന്റെ അകമ്പടിയോടെയാണ് വാര്‍ണര്‍ സെഞ്ചുറിയിലെത്തിയത്. വ്യക്തിഗത സ്‌കോര്‍ 99-ല്‍ നില്‍ക്കെ അരങ്ങേറ്റക്കാരന്‍ ഫാസ്റ്റ്ബൗളര്‍ ടോം കറന്റെ പന്തില്‍ വാര്‍ണര്‍ പുറത്തായെങ്കിലും നോബോള്‍ ആയതിനാല്‍  ജീവന്‍ തിരിച്ചുകിട്ടുകയായിരുന്നു. തൊട്ടടുത്ത പന്തില്‍ സിംഗിളെടുത്ത് 21-ാം ടെസ്റ്റ് സെഞ്ചുറിയും വാര്‍ണര്‍ പൂര്‍ത്തിയാക്കി. സ്മിത്ത് 76 റണ്‍സടിച്ചപ്പോള്‍ ഷോണ്‍ മാര്‍ഷ് 61 റണ്‍സ് നേടി.

Content Highlights: Alastair Cook Double Century Ashes Test England vs Australia