ലണ്ടന്‍: ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം സഹനായകന്‍ അജിങ്ക്യ രഹാനെയുടെ ഫോമില്ലായ്മയില്‍ ആശങ്കയില്ലെന്ന് ഇന്ത്യന്‍ ബാറ്റിങ് പരിശീലകന്‍ വിക്രം റാത്തോര്‍. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന രഹാനെയ്ക്ക് എതിരേ പലരും രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് റാത്തോര്‍ വിശദീകരണവുമായി എത്തിയത്. 

''രഹാനെയുടെ ഫോമില്ലായ്മയില്‍ ആശങ്കയില്ല. അദ്ദേഹം ഇന്ത്യന്‍ ബാറ്റിങ്ങിന്റെ അവിഭാജ്യ ഘടകമാണ്. എല്ലാവരുടെ കരിയറിലും ഇതുപോലുള്ള മോശം ഉണ്ടാകാം. അതിനെ മറികടന്ന് പല താരങ്ങളും മികച്ച ഫോമിലേക്കുയര്‍ന്നിട്ടുണ്ട്. ചേതേശ്വര്‍ പൂജാരയെയും ഈ പ്രശ്‌നം ബാധിച്ചിരുന്നു. അതില്‍ നിന്നും അദ്ദേഹം ഏവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് തിരിച്ചുവന്നു. രഹാനെ ലോകോത്തര നിലവാരമുള്ള താരമാണ്. അദ്ദേഹവും ഫോമിലേക്കുയരും'- റാത്തോര്‍ പറഞ്ഞു.

രഹാനെയെ ടീമില്‍ നിന്നും പുറത്താക്കുന്നതിന് പകരം അദ്ദേഹത്തിന് കൂടുതല്‍ അവസരങ്ങള്‍ കൊടുക്കണമെന്നും റാത്തോര്‍ ആവശ്യപ്പെട്ടു. ' രഹാനെയുടെ ഫോമില്ലായ്മ ഇന്ത്യന്‍ ബാറ്റിങ്ങിനെ ഒരു കാരണവശാലും ബാധിക്കില്ല. അത്രയും മികച്ച ബാറ്റിങ് നിരയാണ് ടീമിനുള്ളത്. രഹാനെ തിരിച്ചുവരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പല നിര്‍ണായക മത്സരങ്ങളിലും തിളങ്ങുന്ന താരമാണ് അദ്ദേഹം.' - റാത്തോര്‍ വ്യക്തമാക്കി.

ഇംഗ്ലണ്ടിനെതിരായ നാല് ടെസ്റ്റുകള്‍ അവസാനിക്കുമ്പോള്‍ രഹാനെയ്ക്ക് ഇതുവരെ ഫോം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. നാലുടെസ്റ്റുകളില്‍ നിന്ന്‌ 15.57 ശരാശരിയില്‍ വെറും 109 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. 

Content Highlights: Ajinkya Rahane's poor form not a concern says Vikram Rathour