മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരേ അഡ്‌ലെയ്ഡില്‍ നടന്ന ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ റണ്ണൗട്ട് കളിയുടെ ഗതി തന്നെ മാറ്റിമറിച്ച ഒന്നായിരുന്നു. ആത്മവിശ്വാസത്തോടെ മുന്നേറുകയായിരുന്ന കോലി, വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുമായുള്ള ആശയക്കുഴപ്പത്തെ തുടര്‍ന്നാണ് റണ്ണൗട്ടായത്. 

ഇപ്പോഴിതാ അന്നത്തെ സംഭവത്തിനു ശേഷം കോലിയോട് ക്ഷമ ചോദിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് രഹാനെ. 

മെല്‍ബണില്‍ ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനു മുമ്പ് സംസാരിക്കുകയായിരുന്നു രഹാനെ. ആദ്യ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് നാട്ടിലേക്കു മടങ്ങിയ കോലിക്ക് പകരം രഹാനെയാണ് പരമ്പരയിലെ ശേഷിക്കുന്ന ടെസ്റ്റുകളില്‍ ടീമിനെ നയിക്കുന്നത്.

''ആ ദിവസത്തെ കളി അവസാനിച്ചപ്പോള്‍ ഞാന്‍ പോയി അദ്ദേഹത്തോട് (കോലി) ക്ഷമ ചോദിച്ചിരുന്നു. കോലിക്ക് അതൊന്നും ഒരു വിഷയമായിരുന്നില്ല. ആ സാഹചര്യത്തില്‍ ഞങ്ങള്‍ നന്നായി കളിക്കുകയായിരുന്നു. പക്ഷേ ഇത്തരം കാര്യങ്ങള്‍ ക്രിക്കറ്റില്‍ സംഭവിക്കുന്നതാണ്. അത് മനസിലാക്കുകയും മുന്നോട്ടു പോകുകയും വേണം.'' - രഹാനെ പറഞ്ഞു.

കോലിയുടെ റണ്ണൗട്ട് കളിയുടെ ഗതി തന്നെ മാറ്റിമറിച്ചതായി രഹാനെ സമ്മതിക്കുന്നു. ആ റണ്ണൗട്ടിനു ശേഷമാണ് മത്സരം ഓസീസിന് അനുകൂലമായി തിരിഞ്ഞതെന്നും രഹാനെ വ്യക്തമാക്കി.

അതേസമയം കോലിയുടെ റണ്ണൗട്ടിനെ ചൊല്ലി രഹാനെയ്‌ക്കെതിരേ കടുത്ത വിമര്‍ശനങ്ങളും അന്ന് ഉയര്‍ന്നിരുന്നു. ഇല്ലാത്ത റണ്ണിനായി കോലിയെ ക്ഷണിച്ച രഹാനെയാണ് കോലി പുറത്തായതിന് കാരണമെന്നായിരുന്നു വിമര്‍ശനങ്ങള്‍. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെന്ന സാമാന്യം ഭേദപ്പെട്ട നിലയിലായിരുന്ന ഇന്ത്യയ്ക്ക് ആ ആധിപത്യം നഷ്ടമായത് കോലിയുടെ പുറത്താകലോടെയായിരുന്നു.

അഡ്‌ലെയ്ഡ് ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ സ്പിന്നര്‍ നഥാന്‍ ലിയോണ്‍ എറിഞ്ഞ 77-ാം ഓവറിലാണ് കോലി റണ്ണൗട്ടാകുന്നത്. മിഡ് ഓഫിലേക്ക് പന്തടിച്ച രഹാനെ റണ്ണിനായി മുന്നോട്ടു കുതിച്ചു. ഇതു കണ്ട് റണ്ണിന് അവസരമുണ്ടെന്ന് കരുതി കോലിയും മുന്നോട്ടോടി. എന്നാല്‍ പന്ത് ഹെയ്സല്‍വുഡിനടുത്തേക്ക് പോകുന്നത് കണ്ട രഹാനെ ഓട്ടം മതിയാക്കി കോലിയെ തിരിച്ചയച്ചു. പക്ഷേ അപ്പോഴേക്കും ഹെയ്സല്‍വുഡിന്റെ ത്രോയില്‍ ലയണ്‍ നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡിലെ വിക്കറ്റ് ഇളക്കിയിരുന്നു. 180 പന്തില്‍ എട്ട് ഫോറുകള്‍ സഹിതം 74 റണ്‍സായിരുന്നു പുറത്താകുന്ന സമയത്ത് കോലിയുടെ സമ്പാദ്യം.

Content Highlights: Ajinkya Rahane reveals dressing room talks after Virat Kohli Adelaide run out