ന്യൂഡൽഹി: ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റം ഏതൊരു താരത്തിന്റേയും ഓർമയിൽ എന്നെന്നും നിലനിൽക്കുന്ന നിമിഷമാകും. അതുവരേയുള്ള കഠിനപ്രയത്നങ്ങളുടേയും ത്യാഗങ്ങളുടേയും ഫലം. ഇന്ത്യൻ താരം അജിങ്ക്യ രഹാനേയും അത്തരമൊരു നിമിഷത്തിലൂടെ കടന്നുപോയിട്ടുണ്ട്. സന്തോഷം കൊണ്ട് കരയണോ ചിരിക്കണോ എന്നറിയാത്ത നിമിഷം. ആദ്യമായി ക്രീസിലിങ്ങുമ്പോൾ നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ രഹാനയെ കാത്തിരുന്നത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറായിരുന്നു. അന്നത്തെ ആ ദിവസത്തെ കുറിച്ച് സംസാരിക്കുകയാണ് രഹാനെ.

2013-ൽ ന്യൂഡൽഹി ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തിൽ ഓസ്ട്രേലിയക്കെതിരേ ആയിരുന്നു രഹാനേയുടെ ടെസ്റ്റ് അരങ്ങേറ്റം. 'ആ നിമിഷം എന്തു ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. എനിക്ക് ചിരിയും കരച്ചിലും വരുന്നുണ്ടായിരുന്നു. എന്റെ ജീവിതത്തിലെ വിലപ്പെട്ട നിമിഷമായിരുന്നു അത്. എന്നാൽ അതോടൊപ്പം എനിക്ക് അൽപം ഭയവുമുണ്ടായിരുന്നു.' ഇഎസ്പിൻ ക്രിക്ക് ഇൻഫോയുടെ ചാറ്റ് ഷോ ആയ ക്രിക്കറ്റ്ബാസിയിൽ മുൻ താരം ദീപ് ദാസ്ഗുപ്തയോട് രഹാനെ ഓർമകൾ പങ്കുവെയ്ക്കുന്നു.

ഇന്ത്യ മൂന്നു വിക്കറ്റിന് 148 റൺസ് എന്ന അവസ്ഥയിലായപ്പോഴാണ് രഹാനെ ക്രീസിലെത്തിയത്. മറുവശത്ത് സച്ചിൻ തെണ്ടുൽക്കറായിരുന്നു ബാറ്റിങ്. അന്ന് രഹാനേയുടെ പേടിയും ആശങ്കയും കണ്ട് യുവതാരത്തെ ഉപദേശിക്കാൻ സച്ചിൻ മറന്നില്ല. 'ഞാൻ ബാറ്റിങ്ങിനിറങ്ങിയപ്പോൾ മറുവശത്ത് സച്ചിനായിരുന്നു. അദ്ദേഹം എന്നോട് പറഞ്ഞു, 'ഒരു കളിക്കാരനെന്ന നിലയിൽ നീ അരങ്ങേറ്റത്തിലും മറ്റെല്ലാ മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കണം. പക്ഷേ ഈ നിമിഷത്തിൽ അതെല്ലാം മറന്നേക്കൂ. ഈ നിമിഷം ആസ്വദിക്കാനുള്ളതാണ്. അതു ആസ്വദിക്കൂ,' സച്ചിന്റെ ഈ ഉപദേശം എനിക്ക് ആശ്വാസമായി. മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെങ്കിലും എന്നെന്നും ഓർമിക്കുന്ന മത്സരമായിരുന്നു അത്.' രഹാനെ വ്യക്തമാക്കുന്നു.

ആദ്യ ഇന്നിങ്സിൽ 19 പന്തു നേരിട്ട രഹാനെ നേടിയത് എഴ് റൺസ് മാത്രമാണ്. രണ്ടാം ഇന്നിങ്സിൽ അഞ്ചു പന്ത് നേരിട്ട് നേടിയത് ഒരു റൺ മാത്രം. എപ്പോഴും ടോപ്പ് ഓർഡറിൽ കളിച്ചുശീലിച്ച താൻ മധ്യനിരയിൽ ഇറങ്ങിയത് വെല്ലുവിളിയായിരുന്നെന്നും അതാണ് പ്രകടനത്തെ ബാധിച്ചതെന്നും രഹാനെ പറയുന്നു. 'മധ്യനിരയിൽ ബാറ്റ് ചെയ്യുക അൽപം വെല്ലുവിളി നിറഞ്ഞതായിരുന്നു. അഞ്ചാമനായാണ് ഞാൻ ഇറങ്ങിയത്. അപ്പോഴേക്കും പന്ത് പഴകിയിട്ടുണ്ടാകും. ഫീൽഡർമാർ സർക്കിളിന് പുറത്തേക്കിറങ്ങി നിൽക്കുകയാകും.

അതിന് മുമ്പെല്ലാം ഇന്നിങ്സ് ഓപ്പൺ ചെയ്തിരുന്ന ഞാൻ പെട്ടെന്ന് മധ്യനിരയിൽ കളിക്കേണ്ടി വന്നപ്പോൾ അഡ്ജസ്റ്റ് ചെയ്യേണ്ടി വന്നു. എന്നാൽ ഇന്ത്യക്കുവേണ്ടി ആസ്വദിച്ചാണ് കളിച്ചത്. ഞാൻ എന്റെ രാജ്യത്തിനുവേണ്ടിയാണ് കളിക്കുന്നത് എന്ന ചിന്തയായിരുന്നു മനസ്സുനിറയെ. രഹാനെ കൂട്ടിച്ചേർത്തു.

Content Highlights: Ajinkya Rahane, recalls Test debut Sachin Tendulkar