മുംബൈ: ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ ഏറെ വിവാദമുണ്ടായ ടെസ്റ്റ് മത്സരമായിരുന്നു സിഡ്‌നിയിലേത്. ഇന്ത്യന്‍ താരങ്ങളായ മുഹമ്മദ് സിറാജും ജസ്പ്രീത് ബുംറയും സിഡ്‌നിയിലെ കാണികളാല്‍ വംശീയമായി അധിക്ഷേപിക്കപ്പെട്ടത് കടുത്ത പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.

ഇപ്പോഴിതാ സിറാജിന് കാണികളില്‍ നിന്ന് മോശം അനുഭവം ഉണ്ടായതിനു പിന്നാലെ മൈതാനം വിടാനുള്ള അമ്പയര്‍മാരുടെ നിര്‍ദേശം നിരസിച്ചത് എന്തിനെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പരമ്പരയിലെ അവസാന മൂന്ന് ടെസ്റ്റുകളില്‍ ടീമിനെ നയിച്ച അജിങ്ക്യ രഹാനെ.

സ്‌പോര്‍ട്‌സ് ടുഡെയ്ക്കായി പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ബോറിയ മജുംദാറിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു രഹാനെയുടെ വെളിപ്പെടുത്തല്‍.

ടെസ്റ്റിന്റെ മൂന്നാമത്തെയും നാലാമത്തെയും ദിവസങ്ങളിലായിരുന്നു വിവാദ സംഭവങ്ങള്‍. ആദ്യ ദിനം കാണികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയ അധികൃതര്‍ തുടര്‍ച്ചയായ രണ്ടാം ദിവസത്തിലും സമാന സംഭവം ആവര്‍ത്തിച്ചതോടെ ആറ് കാണികളെ സ്‌റ്റേഡിയത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.

''സിറാജ് അടക്കമുള്ളവര്‍ക്ക് സിഡ്‌നിയില്‍ സംഭവിച്ചതെല്ലാം തീര്‍ത്തും സങ്കടകരമായിരുന്നു. അതിനാല്‍ തന്നെ ഞങ്ങള്‍ക്ക് ഒരു നിലപാട് സ്വീകരിക്കേണ്ടതായി വന്നു. ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ കളി നിര്‍ത്തി നിങ്ങള്‍ക്ക് വേണമെങ്കില്‍ മൈതാനം വിടാമെന്നായിരുന്നു അമ്പയറുടെ നിലപാട്. ഞങ്ങള്‍ മൈതാനം വിടുന്നില്ലെന്നും ക്രിക്കറ്റ് കളിക്കാനാണ് ഇവിടെയെത്തിയതെന്നും ഞാന്‍ പറഞ്ഞു. ഞങ്ങള്‍ ഞങ്ങളുടെ കളിക്കാരെ ബഹുമാനിക്കുന്നു. അതിനാല്‍ മോശം ഭാഷ പ്രയോഗിച്ചവരെ നിങ്ങള്‍ക്ക് പുറത്താക്കാന്‍ കഴിയുമെങ്കില്‍ ഞങ്ങള്‍ ഇവിടെയുണ്ട്, കളി ആരംഭിക്കുകയും ചെയ്യാം. കളിയുടെ മൊമന്റം നഷ്ടപ്പെടുത്താന്‍ ഞങ്ങള്‍ക്ക് താത്പര്യമില്ല. അതേസമയം ഞങ്ങള്‍ ഞങ്ങളുടെ കളിക്കാരെ ബഹുമാനിക്കുന്നു, അവര്‍ക്കൊപ്പം ഞാന്‍ എപ്പോഴും ഉണ്ടായിരിക്കും.'' - രഹാനെ പറഞ്ഞു.

വിവാദത്തില്‍ കളിക്കാര്‍ക്കൊപ്പം നിലകൊണ്ട രഹാനെയുടെ നടപടിയെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. വിഷയത്തില്‍ ഇന്ത്യന്‍ താരങ്ങളോട് ക്ഷമ ചോദിച്ച ക്രിക്കറ്റ് ഓസ്‌ട്രേലിയ സംഭവത്തെ അപലപിക്കുകയും ചെയ്തു.

Content Highlights: Ajinkya Rahane on Indian players getting racially abused in Sydney