ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ വസീം ജാഫര്‍ രംഗത്ത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ തുടരുന്ന മോശം ഫോമാണ് ജാഫര്‍ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. 

' രഹാനെ നിരാശപ്പെടുത്തുകയാണ്. അദ്ദേഹം എപ്പോഴും സ്ലിപ്പില്‍ ക്യാച്ച് നല്‍കി മടങ്ങുകയാണ്. അദ്ദേഹത്തെപ്പോലെ ലോകനിലവാരമുള്ള ഒരു താരത്തില്‍ നിന്നും നമ്മള്‍ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യമാണിത്. നാലാം ടെസ്റ്റില്‍ രഹാനെ ഫോം കണ്ടെത്തിയേ മതിയാകൂ. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക എന്നീ ടീമുകള്‍ക്കെതിരേ അവരുടെ മണ്ണില്‍ മികച്ച റെക്കോഡുള്ള കളിക്കാരനാണ് രഹാനെ. ഇംഗ്ലണ്ടിനെതിരായ അടുത്ത രണ്ട് ടെസ്റ്റുകള്‍ വളരെ നിര്‍ണായകമാണ്' -ജാഫര്‍ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ രഹാനെ പരാജയമായിരുന്നു. ആകെ ഒരു തവണ മാത്രമാണ് താരത്തിന് 50 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചത്. സൂര്യകുമാര്‍ യാദവ്, ഹനുമ വിഹാരി തുടങ്ങിയ താരങ്ങള്‍ക്ക് അവസരം നല്‍കാന്‍ തയ്യാറാകണമെന്നും ജാഫര്‍ ആവശ്യപ്പെടുന്നു. 

രഹാനെയ്ക്ക് പുറമേ നായകന്‍ വിരാട് കോലിയും വിശ്വസ്ത ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പൂജാരയും ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണ്. ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങിലും താരങ്ങള്‍ ഏറെ പിന്നോട്ടുപോയി. 

കോലി ആറാം സ്ഥാനത്തേക്ക് വീണപ്പോള്‍ രഹാനെ ആറാം സ്ഥാനത്തുനിന്നും 18-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. പൂജാരയാകത്തെ പത്താം റാങ്കില്‍ നിന്നും 15-ാം സ്ഥാനത്തേക്കും വീണു. മുന്നേറ്റനിര മികച്ച പ്രകടനം പുറത്തെടുത്തിട്ടും മധ്യനിരയ്ക്ക് അത് മുതലാക്കാന്‍ സാധിക്കാത്തതാണ് ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്‌നം. 

Content Highlights: Ajinkya Rahane has been a disappointment, needs to fire if he gets another Test says Wasim Jaffer