മുംബൈ: പ്രതിസന്ധികളില്‍ പതറാതെ മുന്നില്‍നിന്ന് നയിക്കുമ്പോഴാണ് യഥാര്‍ഥ നായകര്‍ പിറക്കുന്നത്. ഓസ്ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര വിജയത്തില്‍ ഇന്ത്യന്‍ നിരയില്‍ ഏറ്റവും തലയെടുപ്പോടെ നില്‍ക്കുന്നത് നായകന്‍ അജിങ്ക്യ രഹാനെ തന്നെ. വിരാട് കോലി ടീമിനെ നയിച്ച ആദ്യടെസ്റ്റില്‍ 36 റണ്‍സിന് ഓള്‍ഔട്ടായ ടീമിനെയാണ് അടുത്തകളിയില്‍ സെഞ്ചുറിനേടി രഹാനെ വിജയത്തിലെത്തിച്ചത്.

നാലാം ടെസ്റ്റില്‍ ഇന്ത്യയുടെ രണ്ടാംനിര ടീമുമായി ഓസ്‌ട്രേലിയന്‍ പ്രതാപത്തെ മലര്‍ത്തിയടിച്ചപ്പോഴും രഹാനെയുടെ നായകത്വം പ്രധാനമായി. രണ്ടാം ഇന്നിങ്‌സില്‍ 22 പന്തില്‍ 24 റണ്‍സെടുത്ത രഹാനെയുടെ ഇന്നിങ്‌സും ഇന്ത്യന്‍ വിജയത്തില്‍ പ്രധാനമായിരുന്നു. ഒരു സിക്‌സും ഒരു ഫോറുമടങ്ങിയ ആ ഇന്നിങ്‌സ് സമനിലയ്ക്കുവേണ്ടിയല്ല, ജയിക്കാന്‍വേണ്ടിത്തന്നെയാണ് കളിക്കുന്നത് എന്ന പ്രഖ്യാപനമായിരുന്നു.

രഹാനെയുടെ പിഴവില്ലാത്ത തീരുമാനങ്ങളും പോസിറ്റീവ് സമീപനവും പരമ്പരയിലുടനീളം ശ്രദ്ധിക്കപ്പെട്ടു. ഇതോടെ, ഇന്ത്യയുടെ ഔദ്യോഗിക നായകന്‍ വിരാട് കോലിക്കുമേല്‍ സമ്മര്‍ദമേറുകയാണ്. രാജ്യത്തിന്റെ അഭിമാനകരമായ ഒരു ടെസ്റ്റ് പരമ്പരയ്ക്കിടെ, ഭാര്യയുടെ പ്രസവത്തിന്റെ ഭാഗമായി അവധിയില്‍പ്പോകാനുള്ള കോലിയുടെ തീരുമാനം നേരത്തേതന്നെ വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍, വ്യക്തിപരമായി പ്രധാനപ്പെട്ട കാര്യമാണ് എന്നതിനാല്‍ ടീം മാനേജ്‌മെന്റ് അതിന് എതിരുനിന്നില്ല.

ഇംഗ്ലണ്ടിനെതിരേ, നാലു ടെസ്റ്റുകളുടെ പരമ്പര ഫെബ്രുവരി അഞ്ചിന് തുടങ്ങും. ചൊവ്വാഴ്ച പ്രഖ്യാപിച്ച ടീമില്‍ കോലി ക്യാപ്റ്റനും രഹാനെ വൈസ് ക്യാപ്റ്റനുമാണ്.

എന്നാല്‍, ഓസ്‌ട്രേലിയയില്‍ ചരിത്രവിജയം നേടിയ രഹാനെയെ നായകസ്ഥാനത്തുനിന്ന് മാറ്റരുതെന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ അടക്കം പ്രമുഖര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ കോച്ച് രവിശാസ്ത്രിയും രഹാനെയുടെ ക്യാപ്റ്റന്‍സിയെ പുകഴ്ത്തിയിരുന്നു. നായകസ്ഥാനം ഇല്ലെങ്കില്‍ കോലിയുടെ ബാറ്റിങ് ഇനിയും ഏറെ മെച്ചപ്പെടുമെന്നും വാദമുണ്ട്. രഹാനെ നയിച്ച അഞ്ചു ടെസ്റ്റിലും ഇന്ത്യ തോറ്റിട്ടില്ലെന്ന കണക്കും തിളങ്ങിനില്‍ക്കുന്നു.

ഏകദിന ടീമില്‍നിന്ന് ഏറക്കുറെ ഒഴിവാക്കപ്പെട്ട രഹാനെ, ഈ ടെസ്റ്റ് പരമ്പരയില്‍ പരാജയമായിരുന്നെങ്കില്‍ ടീമിലേക്ക് തിരിച്ചുവരാന്‍ പ്രയാസപ്പെടുമായിരുന്നു. അങ്ങനെയൊരു സാഹചര്യത്തിലാണ് കളിച്ചും നയിച്ചും ടീമില്‍ സ്ഥാനം ഉറപ്പിച്ചത്.

Content Highlights: Ajinkya Rahane captaincy masterclass may put heat on Virat Kohli