ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സിയുടെ ഡിസംബര്‍ മാസത്തെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി ന്യൂസീലന്‍ഡിന്റെ അജാസ് പട്ടേല്‍. ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ ഒരിന്നിങ്‌സില്‍ പത്തുവിക്കറ്റ് വീഴ്ത്തിയതിന്റെ ബലത്തിലാണ് അജാസ് പുരസ്‌കാരം സ്വന്തമാക്കിയത്. 

ഇതാദ്യമായാണ് അജാസ് മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. വാംഖഡെയില്‍ നടന്ന ടെസ്റ്റ് മത്സരത്തിലാണ് അജാസ് അത്ഭുത പ്രകടനം പുറത്തെടുത്തത്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഒരിന്നിങ്‌സില്‍ പത്തുവിക്കറ്റെടുത്ത മൂന്നാമത്തെ മാത്രം താരമാണ് അജാസ്. 

ഇന്ത്യയുടെ അനില്‍ കുംബ്ലെയും ഇംഗ്ലണ്ടിന്റെ ജിം ലേക്കറുമാണ് ഈ നേട്ടം മുന്‍പ് സ്വന്തമാക്കിയവര്‍. ഇടംകൈയ്യര്‍ സ്പിന്നറായ അജാസ് ഡിസംബറില്‍ 16.07 ബൗളിങ് ശരാശരിയില്‍ 14 വിക്കറ്റുകളാണ് വീഴ്ത്തിയത്. 

ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്ക്, ഇന്ത്യയുടെ മായങ്ക് അഗര്‍വാള്‍ എന്നിവരെ മറികടന്നാണ് അജാസ് ഈ നേട്ടം സ്വന്തമാക്കിയത്. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ന്യൂസീലന്‍ഡ് താരം കൂടിയാണ് അജാസ്. 2021 ജനുവരി തൊട്ടാണ് പുരസ്‌കാരങ്ങള്‍ നല്‍കാന്‍ ആരംഭിച്ചത്. 

Content Highlights: Ajaz Patel win ICC men's player of the month for December