വെസ്റ്റിന്‍ഡീസ് ബാറ്റ്‌സ്മാനുമായി കൂട്ടിമുട്ടി പാക് താരം അഹമ്മദ് ഷെഹ്‌സാദിന് പരിക്ക്. വെസ്റ്റിന്‍ഡീസും പാകിസ്താനും തമ്മിലുള്ള രണ്ടാം ടിട്വന്റിക്കിടെയാണ് സംഭവം. വെസ്റ്റിന്‍ഡീസ് താരം ചാഡ്‌വിക്ക് വാള്‍ട്ടന്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലേക്ക് ഓടിയെത്താന്‍ ശ്രമിക്കുന്നതിനിടെ ഷെഹ്‌സാദുമായി കൂട്ടിമുട്ടുകയായിരുന്നു.

വെസ്റ്റിന്‍ഡീസ് ഇന്നിങ്‌സിലെ നാലാം ഓവറിലാണ് ഷെഹ്‌സാദിന് പരിക്കു പറ്റിയത്. സൊഹൈല്‍ തന്‍വീര്‍ എറിഞ്ഞ ഓവറിലെ അവസാന പന്ത് അടിച്ച മാര്‍ലോണ്‍ സാമുവല്‍സ് സിംഗിളിനായി ഓടുകയായിരുന്നു. തുടര്‍ന്ന് നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നിന്ന് ഓടി വന്ന ചാഡ്‌വിക്കിനെ റണ്ണൗട്ടാക്കാന്‍ ഷെഹ്‌സാദ് ശ്രമിച്ചു.

എന്നാല്‍ ശ്രമം വിഫലമാകുകയും ചാഡ്‌വിക്കുമായി കൂട്ടിമുട്ടിയ ഷെഹ്‌സാദ് ഗ്രൗണ്ടില്‍ വീഴുകയും ചെയ്തു.  വേദന കൊണ്ട് പുളഞ്ഞ ഷെഹ്‌സാദിനെ സ്‌ട്രെച്ചെറില്‍ ഗ്രൗണ്ടിന് പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി.