Photo: www.twitter.com
അഹമ്മദാബാദ്: വിരാട് കോലിയെപ്പോലെ ഇന്ത്യന്‍ ഓപ്പണര്‍ കെ.എല്‍.രാഹുല്‍ ഫോമിലേക്ക് തിരിച്ചെത്തുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ബാറ്റിങ് പരിശീലകന് വിക്രം റാത്തോര്‍. ലോകത്തിലെ ഏറ്റവും മികച്ച ട്വന്റി 20 ബാറ്റ്സ്മാന്മാരിലൊരാളായ രാഹുലിനെ എഴുതിത്തള്ളാനാവില്ലെന്നും വിക്രം വ്യക്തമാക്കി.
ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 മത്സരങ്ങളില്‍ രാഹുല്‍ നിറം മങ്ങിയിരുന്നു. 1,0,0 എന്നിങ്ങനെയായിരുന്നു ആദ്യ മൂന്ന് മത്സരങ്ങളിലെ രാഹുലിന്റെ സ്കോര്‍. പക്ഷേ ഇതൊന്നും രാഹുലിനെ ബാധിക്കില്ലെന്നും കോലി ഫോമിലേക്ക് തിരിച്ചെത്തിയതുപോലെ താരം പഴയ പ്രതാപത്തിലേക്ക് ഉടനെ തിരിച്ചെത്തുമെന്നും വിക്രം പറഞ്ഞു.
ട്വന്റി 20 യില്‍ 44 ന് മുകളില്‍ ബാറ്റിങ് ശരാശരിയുള്ള താരമാണ് രാഹുല്‍. അവസാന 11 മത്സരങ്ങളില്‍ നിന്നുമായി 400 റണ്‍സാണ് താരം അടിച്ചെടുത്തത്. 2020 ഐ.പി.എല്ലില്‍ 670 റണ്‍സെടുത്ത് 55.83 ശരാശരിയില്‍ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയതും രാഹുലായിരുന്നു.
ഡിസംബറില്‍ ഓസ്ട്രേലിയയില്‍ വെച്ച് രാഹുലിന് കൈക്കുഴയ്ക്ക് പരിക്കേറ്റിരുന്നു. ഇതിനുശേഷമാണ് താരത്തിന് ഫോം നഷ്ടപ്പെട്ടത്.
' എല്ലാവരുടെയും ജീവിതത്തില്‍ മോശം കാലഘട്ടമുണ്ടാകും. കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്കെടുക്കുകയാണെങ്കില്‍ രാഹുല്‍ ലോകോത്തര നിലവാരമുള്ള പ്രകടനമാണ് കാഴ്ചവെച്ചത്. 44.70 ശരാശരിയും 145 പ്രഹരശേഷിയുമുണ്ട്. അതുകൊണ്ടുതന്നെ മൂന്നു ഇന്നിങ്സുകളില്‍ പരാജയപ്പെട്ടു എന്ന് കരുതി അദ്ദേഹത്തെ മാറ്റിനിര്‍ത്തുന്നത് ശരിയല്ല. ലോക റാങ്കിങ്ങില്‍ രണ്ടാമതുള്ള താരമാണ് രാഹുല്‍ അതാരും മറക്കരുത്.'-വിക്രം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ മൂന്നു മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ട് 2-1 ന് മുന്നിലാണ്. പരമ്പരയിലെ നാലാം മത്സരം നാളെ നടക്കും.
Content Highlights: After Virat Kohli, India batting coach Rathour backs under-fire KL Rahul: He will come out of this lean phase
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..