ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റിനിടെ ഇന്ത്യന്‍ താരങ്ങളായ മുഹമ്മദ് സിറാജിനും വാഷിങ്ടണ്‍ സുന്ദറിനുമെതിരേ കാണികളുടെ അധിക്ഷേപം. ഇവരെ പുഴുക്കളോട് ഉപമിച്ചെന്നാണ് പരാതി. 

സിഡ്‌നി ടെസ്റ്റില്‍ സിറാജുള്‍പ്പെടുന്ന ഇന്ത്യന്‍ താരങ്ങള്‍ക്കെതിരേ കാണികളുടെ പരിഹാസവും വംശീയാധിക്ഷേപവുമുണ്ടായിരുന്നു. ഇതിനെതിരേ ഇന്ത്യ പരാതി സമര്‍പ്പിച്ചിരുന്നു. അതിന്റെ ഭാഗമായി അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ സംഭവം അരങ്ങേറിയത്.

സിറാജിനേക്കാള്‍ ഏറെ സുന്ദറിനെയാണ് കാണികള്‍ അപമാനിച്ചത്. ഇതിനെതിരെ ഇന്ത്യ പരാതി സമര്‍പ്പിച്ചിട്ടുണ്ട്. 

'ഞങ്ങള്‍ പരാതി സമര്‍പ്പിച്ചിട്ടുണ്ട്. അതേക്കുറിച്ച് അധികാരികള്‍ അന്വേഷിക്കണം. മാച്ച് റഫറിയോടും അമ്പയറോടും ഇക്കാര്യം ഞങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഗ്രൗണ്ടില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കെതിരേ നടന്ന കാര്യങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാവാത്തതാണ്. മറ്റൊരു സ്ഥലത്തും ഇങ്ങനെ നടക്കുമെന്ന് ഞങ്ങള്‍ കരുതുന്നില്ല. ഞങ്ങള്‍ കാണികളുടെ സമീപനത്തില്‍ ശരിക്കും അസ്വസ്ഥരാണ്' - ഇന്ത്യന്‍ നായകന്‍ അജിങ്ക്യ രഹാനെ വ്യക്തമാക്കി.

മൂന്നാം ടെസ്റ്റില്‍ സിറാജിനെയും ബുംറയെയുമാണ് കാണികള്‍ അധിക്ഷേപിച്ചത്.

Content Highlights: After SCG, Mohammed Siraj abused by crowd at The Gabba on Day 1 of 4th Test: Report