സിഡ്നി: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ പരിക്ക് ഇന്ത്യയെ വലയ്ക്കുന്നു. മൂന്നാം ദിനം ഋഷഭ് പന്തിന് പരിക്കേറ്റതിനു പിന്നാലെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കും പരിക്കേറ്റത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. 

മൂന്നാം ദിനം ബാറ്റിങ്ങിനിടെ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്ത് ഇടതു കൈയിലെ തള്ളവിരലില്‍ ഇടിച്ചാണ് ജഡേജയ്ക്ക് പരിക്കേറ്റത്.

പരിക്കേറ്റിട്ടും ബാറ്റിങ് തുടര്‍ന്ന ജഡേജ പക്ഷേ രണ്ടാം ഇന്നിങ്‌സില്‍ ഇതുവരെ പന്തെറിഞ്ഞിട്ടില്ല. അദ്ദേഹത്തെ സ്‌കാനിങ്ങിന് വിധേയനാക്കിയതായി ബി.സി.സി.ഐ അറിയിച്ചു.

അതേസമയം ജഡേജയ്ക്ക് കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ അത് ടീമിന് കനത്ത നഷ്ടമായിരിക്കും. ഒന്നാം ഇന്നിങ്‌സില്‍ നാലു വിക്കറ്റുമായി തിളങ്ങിയ ജഡേജ, ഫീല്‍ഡിങ്ങിലും ഇന്ത്യയ്ക്ക് പകരം വെയ്ക്കാനില്ലാത്ത താരമാണ്.

നേരത്തെ മൂന്നാം ദിനം പാറ്റ് കമ്മിന്‍സിന്റെ ബൗണ്‍സര്‍ കൈയിലിടിച്ച് ഋഷഭ് പന്തിനും പരിക്കേറ്റിരുന്നു. ഉടന്‍ തന്നെ ഫിസിയോയുടെ സഹായം തേടിയ പന്ത് വേദനസംഹാരി കഴിച്ചാണ് പിന്നീട് ബാറ്റിങ് തുടര്‍ന്നത്. നന്നായി ബാറ്റ് ചെയ്യുകയായിരുന്ന താരം ഇതിനു ശേഷം അസ്വസ്ഥനായി കാണപ്പെട്ടു. വൈകാതെ ഹെയ്സല്‍വുഡിന്റെ പന്തില്‍ പുറത്താകുകയും ചെയ്തു. 

രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയ്ക്കായി പന്ത് ഫീല്‍ഡില്‍ ഇറങ്ങിയിട്ടില്ല. താരത്തെ സ്‌കാനിങ്ങിന് വിധേയനാക്കിയതായി ബി.സി.സി.ഐ അറിയിച്ചു. പന്തിന് പകരം വൃദ്ധിമാന്‍ സാഹയാണ് കളത്തിലിറങ്ങിയിരിക്കുന്നത്.

Content Highlights: After Rishabh Pant injured Ravindra Jadeja also taken for scans