ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിയ്ക്ക് പിന്നാലെ മറ്റ് രണ്ട് പരിശീലകര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ബൗളിങ് പരിശീലകന്‍ ഭരത് അരുണ്‍, ഫീല്‍ഡിങ് പരിശീലകന്‍ ആര്‍.ശ്രീധര്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 

രവി ശാസ്ത്രിയുമായി അടുത്ത സമ്പര്‍ക്കമുള്ള ഇരുവരും നേരത്തേ ക്വാറന്റീനില്‍ പ്രവേശിച്ചിരുന്നു. മൂന്നു പരിശീലകര്‍ക്കും ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് നഷ്ടമാകും. സെപ്റ്റംബര്‍ പത്തിനാണ് അഞ്ചാം ടെസ്റ്റ് ആരംഭിക്കുക. 

നാലാം ടെസ്റ്റിന്റെ നാലാം ദിനമാണ് രവി ശാസ്ത്രിയ്ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. താരങ്ങള്‍ പരിശോധന നടത്തിയെങ്കിലും എല്ലാവരും നെഗറ്റീവായി. രവി ശാസ്ത്രിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ മൂന്ന് പേരോടാണ് ഐസൊലേഷനില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടത്. 

കോവിഡ് ബാധിച്ചതിനാല്‍ ഈ മൂന്ന് പരിശീലകരുടെയും നാട്ടിലേക്കുള്ള മടക്കവും നീളും. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര തുടങ്ങുന്നതിന് മുന്‍പ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനും കോവിഡ് ബാധിച്ചിരുന്നു.

Content Highlights: After Ravi Shastri, two other coaches test positive for COVID-19