ന്യൂഡല്‍ഹി:  ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര തോറ്റ ഇന്ത്യന്‍ ടീമിന് പിന്തുണയുമായി മുന്‍ താരം വീരേന്ദര്‍ സെവാഗ്. ട്വിറ്ററിലൂടെയാണ് ടീം ഇന്ത്യയ്ക്ക് പിന്തുണയുമായി സെവാഗ് രംഗത്തെത്തിയത്. 

ഓവല്‍ ടെസ്റ്റില്‍ സെഞ്ചുറി നേടിയ ലോകേഷ് രാഹുലിനെയും ഋഷഭ് പന്തിനെയും സെവാഗ് പ്രത്യേകം അഭിനന്ദിച്ചു. നായകന്‍ കോലിയും ഇന്ത്യന്‍ ബൗളര്‍മാരും സ്ഥിരത പുലര്‍ത്തിയെന്നു പറഞ്ഞ സെവാഗ് ഇന്ത്യന്‍ ബാറ്റിങ്‌നിരയില്‍ നിന്ന് അതുണ്ടായില്ലെന്നും കൂട്ടിച്ചേര്‍ത്തു. വരാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിനായി നന്നായി ഒരുങ്ങാനും സെവാഗ് ടീമിനോട് നിര്‍ദേശിച്ചിട്ടുണ്ട്. 

ഈ മാസം ആരംഭിക്കുന്ന ഏഷ്യാകപ്പിലാണ് ഇന്ത്യ ഇനി മത്സരിക്കാനിറങ്ങുക. ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം വിശ്രമം അനുവദിച്ച നായകന്‍ വിരാട് കോലിക്ക് പകരം രോഹിത് ശര്‍മയാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയെ നയിക്കുന്നത്.

പിന്നാലെ വിന്‍ഡീസ് പരമ്പരയും ഇന്ത്യയെ കാത്തിരിപ്പുണ്ട്. അതിനു ശേഷമാണ് ഇന്ത്യയുടെ ഓസിസ് പര്യടനം. മൂന്ന് വീതം ടിട്വന്റികളും ഏകദിനങ്ങളും നാല് ടെസ്റ്റുകളും ഉള്‍പ്പെട്ടതാണ് ഇന്ത്യയുടെ ഓസിസ് പര്യടനം.

Content Highlights: after india's loss virender sehwag posts inspirational message