Photo: Reuters
ന്യൂഡല്‍ഹി: ഒരു ഫീല്‍ഡര്‍ക്കും പിടികൊടുക്കാതെ ഓഫ്സൈഡിലൂടെ പറന്നുപോയ ലോഫ്റ്റഡ് ഡ്രൈവ് പോലൊരു ട്വീറ്റ്. പുതിയ യാത്ര തുടങ്ങുകയാണെന്ന് വെളിപ്പെടുത്തി ബുധനാഴ്ച സൗരവ് ഗാംഗുലി പുറത്തുവിട്ട ട്വീറ്റ് പല വ്യാഖ്യാനങ്ങള്‍ക്കും വഴിവെച്ചു. പക്ഷേ, കളി എന്താണെന്ന് ഗാംഗുലിക്ക് മാത്രമേ അറിയൂ.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനായ ഗാംഗുലി രാഷ്ട്രീയത്തിലേക്ക് കടക്കുമെന്ന അഭ്യൂഹം ഏറെക്കാലമായി അന്തരീക്ഷത്തിലുണ്ട്. കൊല്‍ക്കത്തയിലെ വീട്ടില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഈയിടെ വിരുന്നുണ്ടായിരുന്നു.
ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായും അദ്ദേഹത്തിന് ഏറെ അടുപ്പമുണ്ട്. പല വ്യാഖ്യാനങ്ങളുണ്ടായെങ്കിലും രാഷ്ട്രീയപ്രവേശത്തെപ്പറ്റി ഗാംഗുലി ഇതുവരെ മനസ്സുതുറന്നിട്ടില്ല. എന്നാല്‍, ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെ ഗാംഗുലിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ വന്ന സന്ദേശം പല വ്യാഖ്യാനങ്ങള്‍ക്കും വഴിവെച്ചു.
'1992-ല്‍ തുടങ്ങിയ എന്റെ ക്രിക്കറ്റ് യാത്രയുടെ 30-ാം വാര്‍ഷികമാണ് 2022. അന്നുതൊട്ട് ക്രിക്കറ്റ് എനിക്ക് പലതും നല്കി. പ്രത്യേകിച്ച് നിങ്ങള്‍ ഓരോരുത്തരുടെയും പിന്തുണ. ഈ യാത്രയില്‍ എനിക്കൊപ്പമുണ്ടായിരുന്ന ഓരോരുത്തരോടും നന്ദിപറയാന്‍ ഞാന്‍ ഈ അവസരം ഉപയോഗിക്കുന്നു. ഒരുപാടുപേരെ സഹായിക്കാനാകുന്ന പുതിയൊരു കാര്യം ഞാന്‍ ഇന്ന് തുടങ്ങുന്നു. നിങ്ങളുടെ പിന്തുണ തുടര്‍ന്നും പ്രതീക്ഷിക്കുന്നു' എന്നായിരുന്നു ട്വീറ്റ്.
ഇതോടെ, ബി.സി.സി.ഐ. പ്രസിഡന്റ്സ്ഥാനത്തുനിന്ന് ഗാംഗുലി രാജിവെച്ചുവെന്ന വാര്‍ത്തപരന്നു. രാജ്യസഭയിലേക്ക് ഒട്ടേറെ ഒഴിവുകള്വരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ ആ സ്ഥാനത്തേക്ക് നിയോഗിക്കുമെന്നും കൂട്ടിവായിച്ചു. എന്നാല്‍, ട്വീറ്റിനപ്പുറം ഒരു വാക്കുപോലും ഗാംഗുലി പറഞ്ഞില്ല. അല്പസമയത്തിനകം വിശദീകരണവുമായി ബി.സി.സി.ഐ. സെക്രട്ടറി ജയ് ഷാ എത്തി.
''ഗാംഗുലി ബി.സി.സി.ഐ. പ്രസിഡന്റ്സ്ഥാനം രാജിവെച്ചുവെന്ന വാര്‍ത്ത തീര്‍ത്തും അസത്യമാണ്.''- ഷാ വ്യക്തമാക്കി. അതോടെ ആശങ്കകളും അഭ്യൂഹങ്ങളും തത്കാലത്തേക്ക് അടങ്ങി. രാഷ്ട്രീയവുമായി ബന്ധപ്പെട്ടല്ല, ഗാംഗുലിയുടെ പുതിയൊരു ബിസിനസ്സ് പദ്ധതിയുമായി ബന്ധപ്പെട്ടാണ് ട്വീറ്റ് എന്ന വാദവും പിന്നീട് വന്നു. 2019 ഒക്ടോബറിലാണ് ഗാംഗുലി ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റായത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..