കൊളംബോ:  ഏഷ്യാ കപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടപ്പെട്ട ഏഞ്ചലോ മാത്യൂസിന് വീണ്ടും തിരിച്ചടി. മാത്യൂസിനെ ഒഴിവാക്കി ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പയ്ക്കുള്ള ശ്രീലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു. പതിനഞ്ചംഗ ടീമില്‍ നിന്നാണ് ഓള്‍റൗണ്ടറെ ഒഴിവാക്കിയത്. ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്താനോടും ബംഗ്ലാദേശിനോടും തോറ്റ് സൂപ്പര്‍ ഫോര്‍ ഘട്ടത്തില്‍പോലും കടക്കാതെ ലങ്ക പുറത്തായിരുന്നു

അതേസമയം ടെസ്റ്റ് ടീമില്‍ മാത്യൂസിനെ നിലനിര്‍ത്തിയിട്ടുണ്ട്. ടെസ്റ്റിന് പിന്നാലെ ഏകദിനത്തിലും ദിനേശ് ചണ്ഡിമലാകും ഇനി ലങ്കയെ നയിക്കുക. മാത്യൂസിനോടൊപ്പം ബാറ്റ്‌സ്മാന്‍ കുശാല്‍ മെന്‍ഡിസിനും പേസ് ബൗളര്‍ സുരംഗ ലക്മലിനും സ്ഥാനം നഷ്ടപ്പെട്ടു. ഓള്‍റൗണ്ടറായ ഷെഹാന്‍ ജയസൂര്യയും ഓഫ് സ്പിന്നര്‍ ദില്‍റുവാന പെരേരയും പതിനഞ്ചംഗ ടീമിലില്ല. 

പേസ് ബൗളര്‍ നുവാന്‍ പ്രദീപ് ടീമില്‍ തിരിച്ചെത്തി. പരിക്കിനെത്തുടര്‍ന്ന് നുവാന്‍ ടീമിന് പുറത്തായിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ നിരോഷന്‍ ഡിക്കവെല്ലയും ടീമില്‍ ഇടം നേടി. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ അഞ്ച് ഏകദിനവും മൂന്ന് ടെസ്റ്റുമാണുള്ളത്.

കഴിഞ്ഞ രണ്ടു വര്‍ഷമായി 500 റണ്‍സിലധികം നേടിയ ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ നിന്ന് പുറത്തായിരുന്നു മാത്യൂസ്. സിംഗിളും ഡബിളുമെടുത്ത് റണ്‍സ് കണ്ടെത്താന്‍ മാത്യൂസ് പരാജയമാകുന്നുവെന്നും അതാണ് ബാറ്റിങ് ശരാശരിയില്‍ താരം താഴെപ്പോയതെന്നും ലങ്കന്‍ പരിശീലകന്‍ ഛന്ദിക ഹതുരുസിംഗെ ചൂണ്ടിക്കാട്ടിയിരുന്നു. 50 ഓവറില്‍ ബാറ്റ് ചെയ്യാനുള്ള ഫിറ്റ്‌നെസില്ലെന്ന് മാത്രമല്ല, സഹതാരങ്ങളെ മാത്യൂസ് സമ്മര്‍ദ്ദത്തിലാക്കുന്നുവെന്നും സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ പറയുന്നു. 

മുപ്പത്തിയൊന്നുകാരനായ മാത്യൂസ് 203 ഏകദിനത്തില്‍ നിന്ന് 5380 റണ്‍സും 114 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.

Content Highlights: After Captaincy, Angelo Mathews Loses Spot in Sri Lanka’s ODI Team